
സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിലെ ജാപ്പനീസുകാരി ഹിപ്പോമിയായി എത്തിയ കെൻഡി സിർദോ വീണ്ടും മലയാളത്തിൽ.ചിത്രത്തിൽ സൗബിന്റെ നായിക വേഷമാണ് അവതരിപ്പിച്ചത്.
ധ്യാൻ ശ്രീനിവാസൻ നായകനായി അഭിനയിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് അരുണാചൽ പ്രദേശുകാരിയായ കെൻഡി സിർദോ അവതരിപ്പിക്കുന്നത്. തുറവൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ കെൻഡി ജോയിൻ ചെയ്തു.
സിനിമട്ടോഗ്രാഫിയിലെ അദ്ധ്യാപകനാണ് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന് കെൻഡിയെ പരിചയപ്പെടുത്തുന്നത്.അങ്ങനെയാണ് ഹിപ്പോമി എന്ന കഥാപാത്രമാകുന്നതിന് വഴിതുറന്നത്. നാടകം ആണ് കെൻഡിയുടെ തട്ടകം. ഹൈദരാബാദിൽ നിന്ന് തിയേറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കെൻഡി ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനിലെ മലയാളം സംഭാഷണങ്ങൾ സ്വയം ഡബ് ചെയ്യുകയായിരുന്നു. മലയാള സിനിമയെയും കേരളത്തെയും ഏറെ ഇഷ്ടപ്പെടുന്ന കെൻഡി ഇവിടെ വെറുക്കുന്ന ഒന്നുണ്ട്. ചെറിയ ചൂടുപോലും സഹിക്കാൻ പറ്റില്ല.അടുത്ത മലയാള സിനിമയിൽ വൈകാതെ അഭിനയിക്കുമെന്ന തീരുമാനത്തിലാണ് കെൻഡി.