aparna-rajveer

ജംഷഡ്‌പൂർ: വ്യവസായിയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ കൊല്ലപ്പെട്ടയാളുടെ മകൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ജാര്‍ഖണ്ഡിലെ ആദിത്യപൂരിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട കനയ്യസിംഗിന്റെ മൂത്തമകള്‍ അപര്‍ണ(19) കാമുകനായ രജ് വീര്‍(21) നിഖില്‍ ഗുപ്ത, സൗരഭ് കിസ്‌കു എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മകളുടെ പ്രണയം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

ജൂണ്‍ 30നാണ് ഹരി ഓംനഗറിലെ അപ്പാര്‍ട്ട്‌മെന്റിന് പുറത്തുവച്ച് കനയ്യസിംഗ് കൊല്ലപ്പെട്ടത്. വാഹനത്തിലെത്തിയ മൂന്നംഗസംഘം കനയ്യസിംഗിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തും സമീപത്തും സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നതും ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും അന്വേഷണത്തിന് വെല്ലുവിളിയായിരുന്നു. തുടര്‍ന്നാണ് കനയ്യസിംഗിന്റെ മകളിലേക്ക് അന്വേഷണം എത്തിയത്.

അപര്‍ണയും രജ് വീറും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ബന്ധത്തെ കനയ്യസിംഗ് ശക്തമായി എതിര്‍ത്തിരുന്നു. രജ് വീറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി കനയ്യസിംഗ് വധഭീഷണി മുഴക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രജ് വീറും കുടുംബവും ആദിത്യപൂരിലെ മറ്റൊരിടത്തേക്ക് താമസംമാറ്റി. അപര്‍ണയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചയക്കാനായിരുന്നു കനയ്യസിംഗിന്റെ ശ്രമം. ഇതോടെയാണ് പിതാവിനെ വകവരുത്താൻ അപർണ തീരുമാനിച്ചത്. കാമുകന്റെ സഹായത്തോടെയാണ് നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരെ ക്വട്ടേഷന്‍ ഏല്‍പ്പിച്ചത്. തന്റെ വജ്രമോതിരവും പണവും അപർണ ക്വട്ടേഷന്‍ സംഘത്തിന് അഡ്വാന്‍സായി നല്‍കി. ഇതിനിടെ, സൗരഭ് കിസ്‌കു എന്നയാളുടെ സഹായത്തോടെ 8500 രൂപയ്ക്ക് ബിഹാറില്‍നിന്ന് രജ് വീര്‍ നാടന്‍ തോക്കും സംഘടിപ്പിച്ചു.

നിഖില്‍ ഗുപ്ത, രവി സര്‍ദാര്‍, ഛോട്ടു ഡിഗ്ഗി എന്നിവരാണ് കനയ്യസിംഗിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തിന് ശേഷം മൂവരും വ്യത്യസ്ത സ്ഥലങ്ങളിലായി ഒളിവില്‍പോയി. ഇവരില്‍ നിഖില്‍ ഒഴികെ ബാക്കി രണ്ടുപേരും ഇപ്പോഴും ഒളിവിലാണ്. കൃത്യം നടത്താൻ ഉപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അപർണ നൽകിയ മോതിരവും ഇയാളിൽ നിന്ന് കണ്ടെടുത്തു. അറസ്റ്റിലായ സൗരഭ് കിസ്‌കു കോണ്‍ഗ്രസിന്റെ ജില്ലാ നേതാവ് ഛോത്രെ കിസ്‌കുവിന്റെ മകനാണ്. ഗൂഢാലോചനയിലും തോക്ക് സംഘടിപ്പിച്ച് നല്‍കിയതിലും പങ്കുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിടികൂടിയ പ്രത്യേക അന്വേഷണംഘത്തിന് തക്കതായ പാരിതോഷികം നല്‍കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.