
കൊളംബോ: കലാപം നടക്കുന്ന ശ്രീലങ്കയിൽ സ്ഥിതി അതീവഗുരുതരം. പ്രസിഡന്റ് രാജപക്സയെയുടെ വസതി പ്രക്ഷോഭകാരികൾ കൈയേറി. സനത് ജയസൂര്യ അടക്കമുള്ള ശ്രീലങ്കൻ കായികതാരങ്ങളും പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നിട്ടുണ്ട്. പലയിടങ്ങളിലും പൊലീസും പ്രക്ഷോഭകർക്കൊപ്പമാണ്.
സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്റിന്റെ വസതി വളഞ്ഞത്. ഇതോടെ ഗോതബായ രാജപക്സെ വസതി വിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പ്രസിഡന്റ് രാജ്യം വിട്ടെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനിക ആസ്ഥാനത്ത് പ്രസിഡന്റുണ്ടെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്.
പ്രസിഡന്റിന്റെ വസതിയുടെ കിടപ്പുമുറിയും അടുക്കളയും പ്രതിഷേധക്കാർ കൈയേറി. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിനിടെ 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. മുൻമന്ത്രിയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു. ട്രെയിൻ നിർത്താൻ സൈന്യം ഉത്തരവിട്ടെങ്കിലും പ്രക്ഷോഭകാരികൾ നിരസിച്ചു. കരുതിയിരിക്കാൻ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ട്.
ലങ്കയുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് കുമാർ സംഗക്കാരയും ജനങ്ങളുടെ വിജയമെന്ന് സനത് ജയസൂര്യയും പ്രതികരിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിച്ചു. പാർലമെന്‍റ് സമ്മേളനം വിളിച്ച് ചേർക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി സ്പീക്കർക്ക് കത്ത് നൽകി.