binoy-kodiyeri

മുംബയ്: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർക്കാനുള്ള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു. പരസ്പരം ധാരണയിലെത്തിയതിനാൽ ഒത്തുതീർപ്പാക്കാൻ അനുവദിക്കണമെന്ന അപേക്ഷയാണ് ഇന്നലെ ഡിവിഷൻ ബെഞ്ച് നിരാകരിച്ചത്. പീഡനക്കേസ് ക്രിമിനൽ കുറ്റമാണെന്നും ഒത്തുതീർക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ബിനോയിയും പരാതിക്കാരിയും വിവാഹിതരായതാണോ എന്ന് കോടതി ചോദിച്ചു. വിവാഹം ചെയ്തിട്ടില്ലെന്ന് ബിനോയിയുടെ അഭിഭാഷകനും ഉണ്ടെന്ന് യുവതിയുടെ അഭിഭാഷകനും മറുപടി നൽകി. ഇക്കാര്യത്തിലെ തർക്കം പരിഹരിച്ചശേഷം കേസ് തീർക്കണമോ എന്ന കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് 2019ലാണ് യുവതി ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ തനിക്ക് ഒരു കുട്ടിയുണ്ടെന്നും യുവതി അവകാശപ്പെട്ടിരുന്നു. തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയെങ്കിലും ഫലം കഴിഞ്ഞ രണ്ട് വർഷമായി സീൽ ചെയ്ത കവറിൽ ബോംബെ ഹൈക്കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.