
ഇസ്ളാമബാദ്: മുൻ പാക് ക്രിക്കറ്റ് താരം കമ്രാൻ അക്മൽ ബലിപെരുന്നാൾ ആഘോഷത്തിനായി വാങ്ങിയ ആടുകൾ മോഷണം പോയി. ലാഹോറിലെ സ്വകാര്യ ഹൗസിംഗ് സൊസൈറ്റിയിലെ വീടിന് മുന്നിൽ നിന്ന് വ്യാഴാഴ്ച രാത്രിയാണ് ആടുകൾ മോഷണം പോയത്. ഇന്നത്തെ പെരുന്നാളിനോടനുബന്ധിച്ചുള്ള ബലികർമ്മങ്ങൾക്കായി മൂന്ന് ദിവസം മുമ്പ് ആറ് ആടുകളെയാണ് അക്മൽ കുടുംബം വാങ്ങിയത്. രാത്രി വീടിനു പുറത്താണ് ആടുകളെ കെട്ടിയിരുന്നത്. ആടുകളെ നോക്കാൻ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും അവർ ഉറങ്ങിയ തക്കം നോക്കിയായിരുന്നു മോഷണം. ബലിപെരുന്നാളിന് ആഴ്ചകൾക്ക് മുമ്പ് തന്നെ മുസ്ളിം കുടുംബങ്ങൾ മൃഗങ്ങളെ വാങ്ങും. പിന്നീട് ബലിമൃഗങ്ങളെ കിട്ടാനുള്ള ദൗർലഭ്യം കണക്കിലെടുത്താണിത്. മോഷ്ടിക്കപ്പെട്ട ആടുകൾക്ക് 90,000 രൂപയോളം വിലയുണ്ടെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
2002ലാണ് പാകിസ്ഥാൻ ജേഴ്സിയിൽ വിക്കറ്റ് കീപ്പർ ബാറ്ററായ കമ്രാൻ അക്മലിന്റെ അരങ്ങേറ്റം. 2017 വരെ നീണ്ട അന്താരാഷ്ട്ര കരിയറിൽ 53 ടെസ്റ്റുകളിലും 157 ഏകദിനങ്ങളിലും 58 ട്വന്റി-20 മത്സരങ്ങളിലും പാകിസ്ഥാനെ പ്രതിനിധീകരിച്ചു.ടെസ്റ്റിൽ 6 ഉം ഏകദിനത്തിൽ 5 സെഞ്ച്വറികളും നേടിയിട്ടുള്ള കമ്രാൻ ട്വന്റി-20യിൽ 5 അർദ്ധ സെഞ്ച്വറികളും അടിച്ചിട്ടുണ്ട്. കമ്രാന്റെ സഹോദരൻ ഉമർ അക്മലും പാകിസ്ഥാനായി കളിച്ചിട്ടുണ്ട്. നാല്പതുകാരനായ കമ്രാൻ ആഭ്യന്തരക്രിക്കറ്റ് ലീഗുകളിലാണ് ഇപ്പോൾ കളിക്കുന്നത്.