
കല്പറ്റ: വയനാട് കല്പറ്റ ബൈപ്പാസ് സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ അസിസ്റ്റന്റ് എൻജിനിയറെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറെയും സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപ്പെട്ടാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ബൈപ്പാസിന്റെ പണികൾ വൈകിയതിൽ എക്സിക്യൂട്ടീവ് എൻജിനിയറോടും പ്രോജക്ട് ഡയറക്ടറോടും മന്ത്രി വിശദീകരണം ചോദിച്ചിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളിൽ ഇനിയും കാലതാമസം നേരിട്ടാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാനും മന്ത്രി നിർദ്ദേശം നൽകി.
രണ്ട് വർഷം മുമ്പാണ് കല്പറ്റ ബൈപ്പാസിന്റെ പണികൾ തമിഴ്നാട് ഈറോഡ് ആസ്ഥാനമായുള്ള ആർ എസ് ഡെവലപ്മെന്റ് എന്ന കമ്പനി ഏറ്റെടുത്തത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ആറു മാസത്തിനുള്ളിൽ ബൈപ്പാസ് നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. സമയബന്ധിതമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാത്തതിനാലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.