
കൊളംബോ : അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര കലാപം വീണ്ടും കത്തിപ്പടർന്നതോടെ ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ ഒൗദ്യോഗിക വസതിയിൽ നിന്ന് ഒളിച്ചോടി. ആംബുലൻസിൽ രക്ഷപ്പെട്ട പ്രസിഡന്റ് സൈനിക ആസ്ഥാനത്ത് എത്തിയെന്നും കപ്പലിൽ രാജ്യം വിട്ടെന്നും അഭ്യൂഹമുണ്ട്. പ്രസിഡന്റ് വെള്ളിയാഴ്ച രാത്രിതന്നെ വീടുവിട്ടോടുകയായിരുന്നു. ബുധനാഴ്ച രാജിവയ്ക്കാമെന്ന് രാത്രിയോടെ സ്പീക്കറെ അറിയിച്ചു.
ഇന്നലെ അടിയന്തരമായി പാർലമെന്റ് സ്പീക്കർ വിളിച്ചു ചേർത്ത സർവകക്ഷിയോഗത്തിലെ തീരുമാനപ്രകാരം വൈകുന്നേരത്തോടെ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള തീരുമാനപ്രകാരമാണ് രാജി. അതിനിടെ പ്രധാനമന്ത്രിയുടെ സ്വകാര്യ വസതിക്ക് ജനക്കൂട്ടം തീയിട്ടു.
പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് ഇന്നലെ രാവിലെ ഇരച്ചുകയറിയത്. ഒരു ലക്ഷത്തോളം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങിയത്. രാത്രി വൈകിയും പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകർ കൈയടക്കിവച്ചിരിക്കുകയാണ്. ഗോതബയയുടെ കൊളംബോയിലെ ഓഫീസും പ്രതിഷേധക്കാർ െെകയറി.
റാലി തടയാൻ പൊലീസ് കർഫ്യൂ ഏർപ്പെടുത്തിയെങ്കിലും കോടതി അതു റദ്ദാക്കിയതോടെ ജനങ്ങൾ പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. ജനക്കൂട്ടത്തെ തടയാൻ സുരക്ഷാ സേന നടത്തിയ വെടിവയ്പിലും കണ്ണീർ വാതക പ്രയോഗത്തിലും 55 പേർക്ക് പരിക്കേറ്റു. പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതോടെ, നാടിന്റെ നിയന്ത്രണവും ജനക്കൂട്ടം ഏറ്റെടുത്തു. ട്രെയിൻ സർവീസുകളും ബസ് സർവീസുകളും പ്രക്ഷോഭകർക്ക് എത്താനായി കൊളംബോയിലേക്ക് തിരിച്ചുവിട്ടു. ബുദ്ധസന്യാസിമാരും, ഇതര മതപുരോഹിതരും, വിദ്യാർത്ഥികളും അഭിഭാഷകരും,മത്സ്യത്തൊഴിലാളികളും മറ്റു തൊഴിൽ മേഖലയിലുള്ളവരും എല്ലാം ഒറ്റക്കെട്ടായാണ് തെരുവിലിറങ്ങിയത്. ക്രിക്കറ്റ്താരം ജയസൂര്യയും മുന്നിലുണ്ട്.
പ്രക്ഷോഭത്തിൽ പങ്കുചേരാനെത്തിയ മുൻ മന്ത്രി രജിത സെനാരത്നെയ്ക്ക് മർദ്ദനമേറ്റു. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ സുരക്ഷാ സേന മാദ്ധ്യമ പ്രവർത്തകനെ മർദ്ദിച്ചെന്ന് അറിഞ്ഞ് പ്രക്ഷോഭകർ അവിടെയും സംഘടിച്ചെത്തി.
പ്രതിസന്ധി
നേതാവില്ലാത്ത പ്രക്ഷോഭം, ജനങ്ങളെ നിയന്ത്രിക്കാൻ ആരുമില്ല
പൊലീസും പട്ടാളവും ജനപക്ഷത്ത്.
ഭരണം നിശ്ചലം
ഇനി
1. പ്രസിഡന്റ് പുറത്തായാൽ, ഭരണഘടന പ്രകാരം മുപ്പതു ദിവസം വരെ സ്പീക്കർക്ക് പ്രസിഡന്റാവാം.
2.ഒരാഴ്ചയ്ക്കകം പാർലമെന്റ് അംഗത്തെ പ്രധാനമന്ത്രിയാക്കി സർവകക്ഷി സർക്കാർ രൂപീകരിക്കണം.
3.പുതിയ പ്രസിഡന്റിനെ ഒരു മാസത്തിനകം പാർലമെന്റ് അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാൻ നടപടികൾ തുടങ്ങണം. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് ശേഷിക്കുന്ന രണ്ടു വർഷം അധികാരത്തിലിരിക്കാം.
ചൈനീസ് സ്വാധീനം കുറയും
രാജപക്സെ കുടുംബത്തെ അധികാരത്തിൽ നിന്ന് മാറ്റി നിറുത്താനാണ് സാദ്ധ്യത. അവരെ മാറ്റിനിറുത്തമ്പോൾ തന്നെ ജനങ്ങളുടെ പകുതി ദേഷ്യം മാറും.
എല്ലാ വിഭാഗങ്ങളെയും അംഗീകരിക്കുന്ന സർവ കക്ഷി സർക്കാർ വരണം. കടുത്ത സാമ്പത്തിക നടപടികളിലേക്ക് രാജ്യം പോകേണ്ടി വരും. ജനങ്ങൾക്ക് കുറേയധികം ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും.
ചൈനയുടെ സ്വാധീനം കുറയ്ക്കാൻ അമേരിക്കയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങൾ ശ്രമിച്ചേക്കും. ചൈനയെയും ഇന്ത്യയെയും ബാലൻസ് ചെയ്ത് നിറുത്തുക ശ്രീലങ്കയ്ക്ക് വെല്ലുവിളി .