
കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചു. പാർട്ടി നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് രാജിയെന്ന് വിക്രമസിംഗെ ട്വിറ്ററിൽ കുറിച്ചു. സർക്കാരിന്റെ തുടർച്ച ഉറപ്പാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഒരു സർവകക്ഷി സർക്കാർ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് താൻ രാജിവക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
To ensure the continuation of the Government including the safety of all citizens I accept the best recommendation of the Party Leaders today, to make way for an All-Party Government.
— Ranil Wickremesinghe (@RW_UNP) July 9, 2022
To facilitate this I will resign as Prime Minister.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ ഇന്ന് വലിയൊരു ജനകീയ കലാപം നടന്നിരുന്നു. കലാപകാരികൾ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി പിടിച്ചെടുത്തതിനെ തുടർന്ന് പ്രസിഡന്റ് ഗോതബയ രജപക്സെ വസതി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. . മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ അടക്കമുള്ള ശ്രീലങ്കൻ കായികതാരങ്ങളും പ്രക്ഷോഭകാരികൾക്കൊപ്പം ചേർന്നു . പലയിടങ്ങളിലും പൊലീസും പ്രക്ഷോഭകർക്കൊപ്പം നിലയുറപ്പിച്ചു.
സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് പ്രസിഡന്റിന്റെ വസതി വളഞ്ഞത്. ഇതോടെ ഗോതബായ രാജപക്സെ വസതി വിട്ടതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പ്രസിഡന്റ് രാജ്യം വിട്ടെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈനിക ആസ്ഥാനത്ത് പ്രസിഡന്റുണ്ടെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്.
പ്രസിഡന്റിന്റെ വസതിയുടെ കിടപ്പുമുറിയും അടുക്കളയും പ്രതിഷേധക്കാർ കൈയേറി. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭത്തിനിടെ 33 പേർക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്. മുൻമന്ത്രിയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പ്രക്ഷോഭകാരികൾ ട്രെയിനിൽ കൊളംബോയിലേക്ക് തിരിച്ചതായും വിവരമുണ്ട്. കാൻഡി റെയിൽവേ സ്റ്റേഷൻ സമരക്കാർ പൂർണമായും പിടിച്ചെടുത്തു. ട്രെയിൻ നിർത്താൻ സൈന്യം ഉത്തരവിട്ടെങ്കിലും പ്രക്ഷോഭകാരികൾ നിരസിച്ചു. കരുതിയിരിക്കാൻ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും നിർദേശം നല്‍കിയിട്ടുണ്ട്.