
കൽപ്പറ്റ: കോഴിക്കോട് -ബംഗളൂരു ദേശീയപാതയിൽ കൽപ്പറ്റയ്ക്ക് സമീപം മുട്ടിൽ വാര്യാട് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കോയമ്പത്തൂർ നെഹ്‌റു കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികളായ വയനാട് പുൽപ്പള്ളി കബനിഗിരി ഷെഡ് കാറ്റുവെട്ടിയിൽ കെ.എൻ.വിനോദന്റെ മകൻ അനന്തു വിനോദ് (22), പാലക്കാട് പുതുപ്പരിയാരം മുട്ടികുളങ്ങര മേതിങ്ങൽ ഹൗസിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ എം.കെ.യദുകൃഷ്ണ (21), കൊല്ലങ്കോട് അരുവനൂർപറമ്പ് കൊളമടക്കളം സേതുവിന്റെ മകൻ എസ്. മിഥുൻ (21) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കോഴിക്കോട് കക്കോടി സ്വദേശി കെ.യാദവ് (23), പാലക്കാട് ഒറ്റപ്പാലം സ്വദേശി ഇ.പി. ഫവാസ് (24) എന്നിവർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ 6.30ഓടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം പുൽപ്പള്ളിയിൽ അനന്തുവിന്റെ വീട്ടിലെത്തിയ കൂട്ടുകാർ രാവിലെ കുറുമ്പാലക്കോട്ടയിലേക്ക് യാത്രപോയതായിരുന്നു. അമിതവേഗതയിൽ വന്ന കാർ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടുപേർ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ഒരാൾ കൈനാട്ടി ജനറൽ ആശുപത്രിയിലുമാണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.കഴിഞ്ഞ 10 വർഷത്തിനിടെ ഈ മേഖലയിൽ നിരവധി അപകടങ്ങളാണ് ഉണ്ടായത്. സുഷമയാണ് മിഥുനിന്റെ മാതാവ്. സഹോദരൻ: സുധിൻ. യദുകൃഷ്ണയുടെ മാതാവ് അംബിക. അനന്തുവിന്റെ മാതാവ് പ്രവിത. സഹോദരി: നന്ദന (തൊടുപുഴയിൽ സിവിൽ ഡിപ്ളോമ വിദ്യാർത്ഥിനി). അനന്തുവിന്റെ മൃതദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്രുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. മറ്റ് രണ്ടുപേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.