
ടോക്കിയോ: വെള്ളിയാഴ്ച നാര നഗരത്തിൽ വച്ച് അക്രമിയുടെ വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സുരക്ഷയിൽ പിഴവുകളുണ്ടായെന്ന് സമ്മതിച്ച് ജപ്പാൻ പൊലീസ്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് തെത്സുയാ യമഗാമി എന്ന നാല്പത്തിയൊന്നുകാരൻ സ്വയം നിർമ്മിച്ച നാടൻ തോക്കുകൊണ്ട് ആബെയെ പിന്നിൽ നിന്ന് വെടിവച്ചത്. ഒരു പ്രത്യേക സംഘടനയോട് യമഗാമിയ്ക്ക് പക ഉണ്ടായിരുന്നെന്നും ആബെ ഈ സംഘടനയുടെ ഭാഗമാണെന്ന വിശ്വാസമാണ് അദ്ദേഹത്തിന്റെ വധത്തിലേക്ക് യമഗാമിയെ നയിച്ചതെന്നും നാര പൊലീസ് അറിയിച്ചു. ഈ സംഘടന ഏതാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആബെയ്ക്ക് നേരെ മുമ്പ് യാതൊരു വിധത്തിലുമുള്ള ഭീഷണികൾ ഉണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു.
അതേസമയം, ഒരു മത സംഘടന യമഗാമിയുടെ മാതാവിനെ സാമ്പത്തികമായി തകർത്തെന്നും ആബെയ്ക്ക് ഈ സംഘടനയുമായി ബന്ധമുണ്ടെന്ന വിശ്വാസമാണ് കൊലയിലേക്ക് നയിച്ചതെന്നും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സംഘടനയുടെ നേതാവിനെയാണ് യമഗാമി ആദ്യം വധിക്കാൻ പദ്ധതിയിട്ടതെന്നും സൂചനയുണ്ട്. ആബെ നേരത്തെ പങ്കെടുത്ത പ്രചാരണ പരിപാടികളിലും യമഗാമി എത്തിയിരുന്നു. വെടിവയ്പിന് പകരം യമഗാമി ബോംബാക്രമണത്തിനാണ് ആദ്യം പദ്ധതിയിട്ടത്.
മുൻ ജാപ്പനീസ് നേവി ഉദ്യോഗസ്ഥനായ യമഗാമി മൂന്ന് വർഷത്തെ സേവനത്തിന് ശേഷം പടിഞ്ഞാറൻ ജപ്പാനിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നെന്നാണ് സൂചന. യമഗാമിയ്ക്ക് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്.
 മൃതദേഹം ടോക്കിയോയിലെത്തിച്ചു, സംസ്കാരം ചൊവ്വാഴ്ച
ഷിൻസോ ആബെയുടെ ഭൗതിക ശരീരം ഇന്നലെ ടോക്കിയോയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ഇന്നലെ ടോക്കിയോയിലെ വസതിയിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
നാളെ രാത്രി പ്രത്യേക മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ നടക്കും. ചൊവ്വാഴ്ചയാകും ആബെയുടെ മൃതദേഹം സംസ്കരിക്കുക. അതേസമയം, അക്രമത്തിലൂടെ ജപ്പാന്റെ ജനാധിപത്യത്തെ തകർക്കാനാകില്ലെന്നും ഇന്ന് തന്നെ പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഒഫ് കൗൺസിലേഴ്സിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നും പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ആബെയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച നിറുത്തിവച്ച പ്രചാരണങ്ങൾ ഇന്നലെ കനത്ത സുരക്ഷയോടെ തുടർന്നു.