5g-spectrum

ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലത്തിൽ ഇന്ത്യയിലെ മൂന്ന് ടെലികോം സേവനദാതാക്കളെ കൂടാതെ നാലാമതൊരു കമ്പനി കൂടി പങ്കെടുക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ടുകൾ. ഗുജറാത്ത് വ്യവസായി ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പാണ് 5ജി സ്പെക്ട്രം ലേലത്തിൽ അപ്രതീക്ഷിതമായി ബിഡ് ചെയ്തിരിക്കുന്നത്. ജിയോ, എയർടെൽ വൊഡാഫോൺ - ഐഡിയ എന്നീ കമ്പനികൾ നേരത്തെ തന്നെ ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ അവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് അദാനി ഗ്രൂപ്പ് ഇപ്പോൾ ലേലത്തിൽ പങ്കെടുക്കുന്നതിന് മുന്നോട്ട് വന്നിരിക്കുന്നത്.

എന്നാൽ അദാനി ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ചോ എന്ന കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെയായും എത്തിയിട്ടില്ല. ഇന്നലെയായിരുന്നു രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്നലെ വൈകുന്നേരം വരെ നാലു കമ്പനികൾ മാത്രമാണ് രേഖകൾ സമർപ്പിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂലായ് 12ന് ലേലത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയവരുടെ പട്ടിക ഔദ്യോഗികമായി തന്നെ പുറത്തു വിടും. അന്ന് മാത്രമേ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

അതേസമയം രേഖകൾ സമർപ്പിച്ചുവെന്നതിനാൽ മാത്രം അദാനി ഗ്രൂപ്പ് ലേലത്തിൽ പങ്കെടുക്കും എന്ന് അർത്ഥമില്ലെന്ന് ടെലികോം രംഗവുമായി ബന്ധമുള്ളവർ വ്യക്തമാക്കി. രേഖകൾ സമർപ്പിച്ച ശേഷം ലേലത്തിൽ പങ്കെടുക്കാതിരിക്കാനുള്ള സാദ്ധ്യതകളും ഉണ്ട്. ഭാവിയിൽ എപ്പോഴെങ്കിലും ടെലികോം രംഗത്തേക്ക് കടന്നുവരാൻ താത്പര്യമുള്ള കമ്പനികൾ ഈ രംഗത്തെ സാദ്ധ്യതകൾ അറിയുന്നതിന് വേണ്ടി ഇത്തരത്തിൽ ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള രേഖകൾ സർപ്പിക്കാറുണ്ടെന്ന് അധികൃതർ പറഞ്ഞു. അദാനി ഗ്രൂപ്പ് അടുത്തിടെയായി ദേശീയ ദീർഘദൂര കാളുകൾക്കും അന്തർദേശീയ ദീ‌ർഘദൂര കാളുകൾക്കുമായുള്ള ലൈസൻസ് കരസ്ഥമാക്കിയിരുന്നു.

അദാനി ഗ്രൂപ്പ് ടെലികോം രംഗത്തേക്ക് കടന്നുവരുന്നെങ്കിൽ ഇന്ത്യയിലെ രണ്ട് ബിസിനസ് അതികായന്മാരുടെ നേരിട്ടുള്ള പോരാട്ടത്തിന് കൂടിയാകും കളമൊരുങ്ങുക. ഗുജറാത്തിൽ നിന്നുള്ള അദാനിയും മുകേഷ് അംബാനിയും ഇതുവരെ ഒരേ ബിസിനസ് രംഗത്ത് ഏറ്റുമുട്ടിയിട്ടില്ല. അംബാനിയുടെ പ്രധാന മേഖല ഊർജ വ്യവസായം ആയിരുന്നെങ്കിൽ തുറമുഖ വ്യവസായത്തിലൂടെയാണ് അദാനി പണം വാരിയത്. ഇത് ആദ്യമായിട്ടായിരിക്കും ഇരു ബിസിനസ് വമ്പൻമാരും നേരിട്ട് ഒരു പോരിന് ഇറങ്ങുന്നത്.