
വിംബിൾഡണിൽ റഷ്യൻ അധിനിവേശം
എലേന റൈബാക്കിന വിംബിൾഡൺ വനിതാസിംഗിൾസ് ചാമ്പ്യൻ
ഫൈനലിൽ തോൽപ്പിച്ചത് ടുണീഷ്യയുടെ ഒൻസ് ജബേയുറിനെ
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ താരങ്ങളെ വിലക്കിയ വിംബിൾഡണിൽ വനിതാസിംഗിൾസ് കിരീടം സ്വന്തമാക്കിയത് റഷ്യയിൽ ജനിച്ച് കസാഖിസ്ഥാനിലേക്ക് കുടിയേറിയ എലേന റൈബാക്കിന.
ഇന്നലെ നടന്ന കന്നിക്കാരുടെ ഫൈനലിൽ ഗ്രാൻസ്ളാം കിരീടത്തിൽ മുത്തമിടുന്ന ആദ്യ ആഫ്രോ- അറബ് വനിതയാകാൻ കൊതിച്ചെത്തിയ ടുണീഷ്യക്കാരി ഒൻസ് ജബേയുറിനെ തോൽപ്പിച്ചാണ് എലേന റൈബാക്കിന കരിയറിലെ ആദ്യ ഗ്രാൻസ്ളാം കിരീടം സ്വന്തമാക്കിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് കൈവിട്ടശേഷമായിരുന്നു എലേന റൈബാക്കിനയുടെ തിരിച്ചുവരവ്. സ്കോർ : 3-6 6-2 6-2.
ഇന്നലെ സെന്റർ കോർട്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ ആദ്യ സെറ്റിൽ എലേനയെ വിറപ്പിച്ച ജബേയുറിന് തുടർന്നുള്ള സെറ്റുകളിൽ ആ മികവ് നിലനിറുത്താനായില്ല. ആദ്യ സെറ്റിൽ 4-1ന് പിന്നിൽ നിന്ന ശേഷം ജബേയുറിന്റെ സർവ് ബ്രേക്ക് ചെയ്ത് തിരിച്ചുവരവിന്റെ സൂചനകൾ നൽകിയ എലേന 3-6നാണ് ആദ്യ സെറ്റ് വിട്ടുകൊടുത്തത്. രണ്ടാം സെറ്റിൽ ജബേയുറിന്റെ ആദ്യ സർവ്തന്നെ ബ്രേക്ക് ചെയ്ത് എലേന തന്റെ നയം വ്യക്തമാക്കി. ആറടി ഒരിഞ്ച് പൊക്കക്കാരിയായ 17-ാം സീഡ് എലേനയുടെ സർവുകൾക്ക് മുന്നിൽ മൂന്നാം സീഡായ ജബേയുർ പതറുന്നതാണ് പിന്നീട് കാണുന്നത്. രണ്ടാം സെറ്റിൽ വളരെവേഗം എതിരാളിക്ക് മേൽ മാനസികമായ ആധിപത്യം നേടാൻ എലേനയ്ക്ക് കഴിഞ്ഞു. മത്സരം മൂന്നാം സെറ്റിലേക്ക് കടന്നപ്പോൾ അത് കസാഖ് താരത്തിന് മുൻതൂക്കം നൽകുകയും ചെയ്തു. രണ്ടാം സെറ്റിലെ അതേ സ്കോറിന് തന്നെ എലേന റൈബാക്കിന മൂന്നാം സെറ്റും സ്വന്തമാക്കി.
1999ൽ റഷ്യയിൽ ജനിച്ച എലേന റൈബാക്കിന 2018ലാണ് കസാഖിസ്ഥാനിലേക്ക് കുടിയേറിയത്.
ഗ്രാൻസ്ളാം കിരീടം നേടുന്ന ആദ്യ കസാഖിസ്ഥാൻ താരമാണ് എലേന റൈബാക്കിന
കഴിഞ്ഞ വർഷം ഫ്രഞ്ച് ഒാപ്പൺ ക്വാർട്ടറിലെത്തിയതായിരുന്നു എലേനയുടെ ഇതിന് മുമ്പുള്ള ഏറ്റവും മികച്ച പ്രകടനം.
ഗ്രാൻസ്ളാം കിരീടം നേടുന്ന ആദ്യ ആഫ്രോ- അറബ് വനിതയെന്ന റെക്കാഡ് സ്വന്തമാക്കാനുള്ള അവസരമാണ് ഒൻസ് ജബേയുറിന് നഷ്ടമായത്.