
സാവോ പോളോ : ലോകത്തെ ഏറ്റവും വലിയ പാമ്പായ അനാകോണ്ടയെ പറ്റി കേൾക്കാത്തവർ വിരളമായിരിക്കാം. മനുഷ്യനെ പിന്തുടർന്ന് വിഴുങ്ങുന്ന ഭീമൻ അനാകോണ്ടയെ നമ്മൾ സിനിമയിൽ കണ്ടിട്ടുണ്ട്. എന്നാൽ ശരിക്കുമുള്ള അനാകോണ്ട വലിപ്പത്തിലും സ്വഭാവത്തിലും അത്രയ്ക്കും ഭീകരൻമാർ അല്ല. 30 അടി വരെ ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പായ ഗ്രീൻ അനാകോണ്ടകൾക്ക് നീളം വച്ചേക്കാം.
താരതമ്യേന ശാന്തശീലരായിട്ടാണ് അനാകോണ്ടകളെ കണ്ടുവരുന്നത്. തങ്ങൾക്ക് ഭീഷണി ഉയർന്നാൽ മാത്രമാണ് ഇവ അക്രമകാരികളാകുന്നത്. എന്നാൽ അനാകോണ്ട മനുഷ്യന് നേരെ അപ്രതീക്ഷിത അക്രമത്തിന് മുതിർന്ന ഒരു സംഭവം ഉണ്ടായിരിക്കുകയാണ്.
മദ്ധ്യ ബ്രസീലിലെ ജോയിയാസിലുള്ള അരഗ്വേയ് നദിയിലാണ് സംഭവം. ജോവോ സെവെറീനോ എന്ന ടൂറിസ്റ്റ് ഗൈഡിനെ അനാകോണ്ട ആക്രമിക്കുകയായിരുന്നു. നദിയിൽ ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു ജോവോ. തന്റെ ഒപ്പമുണ്ടായിരുന്ന വിനോദ സഞ്ചാരികൾക്ക് കാഴ്ചകൾ കാണിച്ച് വിവരിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ വെള്ളത്തിനടിയിൽ രണ്ട് തടിക്കഷണങ്ങളുടെ ഇടയിൽ അനാകോണ്ട പതുങ്ങിയിരിക്കുന്നത് ജാവോയുടെ ശ്രദ്ധയിൽപ്പെട്ടു. യാത്രക്കാർക്ക് വേണ്ടി അനാകോണ്ടയുടെ വിഡിയോ എടുക്കാനായി ജാവോ സ്മാർട്ട് ഫോൺ ക്യാമറയുമായി അടുത്തേക്ക് വരുന്നത് കണ്ട ഉടനെ അനാകോണ്ട വെള്ളത്തിൽ നിന്ന് ഉയർന്ന് പൊങ്ങി വന്നു. ജാവോയെ കടിക്കുകയും ചെയ്തു. പെട്ടെന്ന് തന്നെ ഗ്രീൻ അനാകോണ്ട ഇനത്തിൽപ്പെട്ട ഈ ഭീകരൻ ഇഴഞ്ഞ് പോവുകയും ചെയ്തു.
അപ്രതീക്ഷിതമായ ആക്രമണം എല്ലാവരെയും ഞെട്ടിച്ചു. ഭാഗ്യവശാൽ അനാകോണ്ടയുടെ പല്ലുകൾ ജാവോയുടെ ശരീരത്തിൽ ആഴ്ന്നിറങ്ങിയിരുന്നില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.