
വാഷിംഗ്ടൺ : ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതും ശക്തവുമായ സ്പേസ് ടെലിസ്കോപ്പായ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പകർത്തിയ ഗവേഷണാർത്ഥമുള്ള വിദൂര പ്രപഞ്ചത്തിന്റെ ആദ്യ കളർ ചിത്രങ്ങൾ പുറത്തുവിടാനൊരുങ്ങി നാസ. വിദൂര ഗ്യാലക്സികൾ, നെബുലകൾ, വാതക ഭീമൻ ഗ്രഹം എന്നിയുടെ ഇതുവരെ കാണാത്ത തരത്തിലെ ചിത്രങ്ങൾ വരുന്ന ചൊവ്വാഴ്ചയാണ് പുറത്തുവിടുക. ഇതുവരെ പകർത്തിയിട്ടുള്ളതിൽ വച്ച് പ്രപഞ്ചത്തിന്റെ ഏറ്റവും വിദൂരമായ ചിത്രങ്ങളാകും ഇവ.
7,600 പ്രകാശ വർഷം അകലെയുള്ള വാതകവും പൊടിയും നിറഞ്ഞ കാറിന നെബുല, 2,000 പ്രകാശ വർഷം അകലെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന നക്ഷത്രത്തെ പ്രദിക്ഷിണം ചെയ്യുന്ന സതേൺ റിംഗ് നെബുല എന്നിവയുടെ ചിത്രങ്ങൾ ആദ്യ ബാച്ച് കളർ ചിത്രങ്ങൾക്കൊപ്പം ഉണ്ടാകും.
നക്ഷത്രാന്തരീയ പദാർത്ഥങ്ങളുടെ പരസ്പരമുള്ള ഗുരുത്വാകർഷണഫലമായി രൂപപ്പെടുന്നവയാണ് നെബുലകൾ. അതായത്, നക്ഷത്രങ്ങൾക്ക് അന്ത്യം സംഭവിക്കുന്നത് വഴിയുള്ള സ്‌ഫോടനത്താലോ അല്ലെങ്കിൽ നക്ഷത്രങ്ങളുടെ പിറവിയിലോ രൂപപ്പെടുന്നവയാണ് നെബുലകൾ. പൊടിപടലങ്ങൾ, ഹൈഡ്രജൻ വാതകം, പ്ലാസ്മ എന്നിവ നിറഞ്ഞ മേഘങ്ങളാണ് നെബുലകൾ.
ഭൂമിയിൽ നിന്ന് 1,150 പ്രകാശവർഷം അകലെയുള്ളതും 2014ൽ കണ്ടെത്തിയതുമായ WASP-96 b എന്ന വാതക ഭീമൻ ഗ്രഹം, 290 ദശലക്ഷം പ്രകാശവർഷം അകലെയുള്ള സ്റ്റീഫൻസ് ക്വിൻറ്റെന്റ് എന്ന ചെറു ഗ്യാലക്സി എന്നിവയേയും ജെയിംസ് വെബ് ടെലിസ്കോപ്പ് നിരീക്ഷിച്ചിട്ടുണ്ട്. അതേ സമയം മേയിൽ ടെലിസ്കോപ്പിലെ ഫൈൻ ഗൈഡൻസ് സെൻസർ പരീക്ഷണാർത്ഥം പകർത്തിയ നക്ഷത്രങ്ങളുടെയും ഗ്യാലക്സികളുടെയും ചിത്രങ്ങൾ സമന്വയിപ്പിച്ചുള്ള ടീസർ നാസ പുറത്തുവിട്ടു.
നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയുടെ സംയുക്ത സംരംഭമാണ് ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്. അന്യഗ്രഹങ്ങളിലെ ജീവന്റെ സാന്നിദ്ധ്യം സംബന്ധിച്ച നിർണായക വിവരങ്ങൾ ജെയിംസ് വെബിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. 13 ബില്യൺ പ്രകാശവർഷം അകലെയുള്ള വസ്തുക്കളെ വീക്ഷിക്കാൻ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിന് കഴിയും.
വാതകക്കുള്ളൻ ഗ്രഹങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിലെ രാസ അമോണിയ പോലെയുള്ള ജീവന്റെ അടയാളങ്ങൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്ന് കരുതുന്നു. അടുത്ത അഞ്ച് മുതൽ പത്ത് വർഷത്തിനുള്ളിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ജെയിംസ് വെബ് ടെലിസ്കോപ്പിന് ശേഖരിക്കാനാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ഡിസംബറിൽ ഫ്രഞ്ച് ഗയാനയിൽ നിന്ന് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഏരിയൻ 5 റോക്കറ്റിലാണ് ജെയിംസ് വെബ് ടെലിസ്കോപ്പ് വിക്ഷേപിച്ചത്. 15 വർഷം കൊണ്ട് പ്രാവർത്തികമായ ഈ ഇൻഫ്രാറെഡ് ടെലിസ്കോപ്പിന്റെ ചെലവ് ഏകദേശം 7.25 ബില്യൺ പൗണ്ടാണ്.
പ്രപഞ്ചത്തിലുടനീളം സഞ്ചരിച്ചെത്തുന്നതിന് പ്രകാശത്തിന് അനേകം വർഷങ്ങൾ വേണ്ടിവരുമെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഏകദേശം 13.6 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള വസ്തുക്കളെയാണ് ടെലിസ്കോപ്പിന് കാണാൻ സാധിക്കുക. ആദിമ നക്ഷത്രങ്ങളും ഗാലക്സികളും രൂപപ്പെട്ട പ്രപഞ്ചോൽപത്തിയ്ക്ക് ശേഷം ഏതാണ്ട് 100 ദശലക്ഷം വർഷങ്ങൾക്ക് ശേഷമുള്ള കാഴ്ചയാണിത്.