
തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്ന് ബലിപെരുന്നാൾ ആഘോഷിച്ച് ഇസ്ലാം മതവിശ്വാസികൾ. ബക്രീദ് എന്നും വലിയ പെരുന്നാൾ എന്നും അറിയപ്പെടുന്ന ബലിപെരുന്നാൾ കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ കൂടി അവസരമാണ്. ആത്മത്യാഗത്തിന്റെ സന്ദേശം പകർന്ന് സ്വന്തം മകനെ ബലി നൽകണമെന്ന ദൈവകല്പന ശിരസാവഹിച്ച പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗസ്മരണയാണ് ബലിപെരുന്നാൾ.
പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ജമാഅത്തുകളുടേയും ആഭിമുഖ്യത്തിൽ രാവിലെ പെരുന്നാൾ നമസ്കാരം നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലടക്കം നമസ്കാരം നടന്നു. കഴിഞ്ഞ രണ്ടുവർഷങ്ങളായി കൊവിഡ് മൂലം വിപുലമായി പെരുന്നാളാഘോഷം നടത്താൻ സാധിച്ചിരുന്നില്ല. അതിനാൽതന്നെ ഇത്തവണ വിശ്വാസികൾ പള്ളികളിലും ഈദ്‌ഗാഹുകളിലും ഒത്തുച്ചേരും. തക്ബീറുകൾ ചൊല്ലി പ്രാർത്ഥനകളിൽ വിശ്വാസികൾ സജീവമാകും. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെടും.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്നാളാഘോഷിക്കുന്ന വിശ്വാസികൾക്ക് ആശംസകൾ നേർന്നു. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരും ആശംസകൾ നേർന്നു.