accident-

പാലാ: ''ചെറിയൊരു കല്ലിനുപോലും അതിന്റേതായ വിലയുണ്ട് സാർ'' നാളുകൾക്ക് മുമ്പ് 'ബിഗ്‌ബോസിൽ ' താൻ പറഞ്ഞ വലിയ കാര്യത്തിന്റെ നേർ സാക്ഷ്യമായി ജീവൻ തിരികെ പിടിച്ച് ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ. ലക്ഷക്കണക്കിന് പ്രേക്ഷകരുള്ള ബിഗ്‌ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ കാർ ഇന്നലെ പാലാ തൊടുപുഴ റൂട്ടിൽ കുറിഞ്ഞി തേക്കുങ്കൽ വളവിലെ അപകടത്തിൽ നിന്ന് കൊക്കയിൽ വീഴാതെ അത്ഭുതകരമായാണ് രക്ഷപെട്ടത്. നാളുകൾക്ക് മുമ്പ് ''ബിഗ്‌ബോസ്'' വീട്ടിൽ മോഹൻലാലിനോടും പ്രേക്ഷകരോടുമായി സംസാരിക്കവെയാണ് ചെറിയൊരു കല്ലിന്റെ മൂല്യത്തെക്കുറിച്ച് പോലും ഡോ. റോബിൻ രാധാകൃഷ്ണൻ വാചാലനായത്.


ഇന്നലെ തേക്കുങ്കൽ വളവിൽ അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടപ്പോൾ കൊക്കയിലേക്ക് മറിയാതെ തങ്ങിനിന്നതും ചെറിയൊരു ഉണ്ടക്കല്ലിൽത്തന്നെ! ആ കല്ലിൽ തങ്ങിനിന്നില്ലായിരുന്നെങ്കിൽ ഇരുപതടിയോളം താഴ്ചയിലേക്ക് ഡോ. റോബിന്റെ കാർ കൂപ്പുകുത്തിയേനെ. തൊടുപുഴയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

തേക്കുങ്കൽ വളവിൽ തുടർ അപകടങ്ങൾ

കുറിഞ്ഞി തേക്കുങ്കൽ വളവ് സ്ഥിരം അപകട മേഖലയാണ്. കഴിഞ്ഞ പത്തു മാസത്തിനിടെ ആറ് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരി 17നുണ്ടായ അപകടത്തി റോഡിൽ നിന്ന് തെറിച്ചുവീണ കാർ തേക്കുങ്കൽ സലിയുടെ വീടിന്റെ ബാത്ത് റൂം പാടെ തകർത്തു. വീടിന് അന്ന് സാരമായ കേടുപാടുകൾ ഉണ്ടായി. ഇത്തവണയും സലിയുടെ പുരയിടത്തിലേക്കാണ് കാർ ചെരിഞ്ഞു നിന്നത്.