ugc-net

മുക്കം: സാങ്കേതിക തകരാറുമൂലം കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളുടെ യു.ജി.സി. നെറ്റ് പരീക്ഷ മുടങ്ങി. തൊണ്ണൂറോളം വിദ്യാ‌ർത്ഥികൾക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി രാജ്യമൊട്ടാകെ നടത്തിയ പരീക്ഷയാണ് സെർവർ തകരാറുമൂലം മുടങ്ങിയത്. ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ 12 മണി വരെ ഓൺലെെനായിട്ടായിരുന്നു പരീക്ഷ നടക്കേണ്ടിയിരുന്നത്.

കൃത്യസമയത്ത് തന്നെ എത്തിയെങ്കിലും സാങ്കേതിക തകരാര്‍ കാരണം പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പലരുടെയും കമ്പ്യൂട്ടറിൽ ആദ്യ ചോദ്യം തെളിഞ്ഞത് പതിനൊന്ന് മണിക്ക് ശേഷമാണ്. ചോദ്യത്തിന് ഉത്തരം നൽകിത്തുടങ്ങിയപ്പോഴേക്കും വീണ്ടും സെർവർ കുഴപ്പിച്ചു. മൂന്ന് മണിക്കൂർ സമയം കൊണ്ട് 150 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. പക്ഷേ, പലർക്കും പകുതി ചോദ്യങ്ങൾ പോലും ചെയ്യാനായില്ല. പത്ത് ചോദ്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികളുമുണ്ട്.

രാജ്യമൊട്ടാകെ പലയിടത്തും ഇന്നലെ സാങ്കേതിക തടസങ്ങളുണ്ടായി എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. എന്നാൽ കേരളത്തിൽ കോഴിക്കോട് എൻ.ഐ.ടിയിൽ മാത്രമാണ് പ്രശ്‌നമുണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടി. സെര്‍വര്‍ തകരാറിനെപ്പറ്റി കൃത്യസമയത്ത് ഉന്നത അധികൃതരെ അറിയിക്കാൻ പരീക്ഷാ കണ്‍ട്രോളര്‍ തയ്യാറായില്ലെന്നും പരീക്ഷയെഴുതാന്‍ വീണ്ടും അവസരം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി നൽകിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

അതേസമയം, യു.ജി.സി.പരീക്ഷയില്‍ തടസമുണ്ടായതില്‍ എന്‍.ഐ.ടിയോ ഉദ്യോഗസ്ഥരോ ഉത്തരവാദികളല്ലെന്ന് എന്‍.ഐ.ടി അധികൃതര്‍ അറിയിച്ചു. സെര്‍വര്‍ പിശക് മൂലം രജിസ്ട്രേഷന്‍ പ്രക്രിയ ആദ്യം മുതല്‍ വൈകിയതാണ് പ്രശ്‌നത്തിന് കാരണമെന്നും ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഇവർ പറഞ്ഞു. പരീക്ഷ വൈകിയതിനാൽ വിദ്യാര്‍ത്ഥികള്‍ക്ക് ഹാളില്‍ ബിസ്‌കറ്റും വെള്ളവും എത്തിച്ചു നല്‍കി. സമയനഷ്ടത്തിന് അധികസമയം നല്‍കാമെന്ന് പറഞ്ഞെങ്കിലും ചില വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്‌കരിച്ചുവെന്നും അധികൃതർ വ്യക്തമാക്കി. 44 വിദ്യാര്‍ഥികള്‍ 12 മണിക്ക് പുനരാരംഭിച്ച പരീക്ഷ എഴുതിയെന്നും എന്‍.ഐ.ടി. അധികൃതര്‍ കൂട്ടിച്ചേർത്തു.