
മുംബയ്: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവിനെ രക്ഷിച്ച് റെയിൽവെ പൊലീസ്. സ്വത്ത് തർക്കത്തെ തുടർന്നാണ് വർദ്ധമാൻ നഗർ സ്വദേശിയായ ജയേഷ് പഞ്ചാൽ(21), അമ്മ ഛായ പഞ്ചാലിനെ(46) കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശേഷം ആത്മഹത്യ ചെയ്യാനായി മുംബയിലെ മുംലുന്ദ് റെയിൽവെ സ്‌റ്റേഷനിൽ റെയിൽവെ ട്രാക്കിലിറങ്ങി നിൽക്കവെയാണ് റെയിൽവെ പൊലീസ് ഉദ്യോഗസ്ഥൻ ഇയാളെ കണ്ടത്. ഈ സമയം ട്രാക്കിലൂടെ ഒരു ട്രെയിൻ വരുന്നുണ്ടായിരുന്നു. തുടർന്ന് ട്രെയിൻ എത്തും മുൻപ് പൊലീസ് അതിവേഗം ഇയാളെ രക്ഷിക്കുകയായിരുന്നു.
ഇവരുടെ ഫ്ളാറ്റിൽ രക്തക്കറ കണ്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി ഫ്ളാറ്റിൽ കടന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഛായ പഞ്ചാലിനെ കണ്ടു. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്ഥലത്തുനിന്നും ഒരു കത്തും ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിയും പൊലീസ് കണ്ടെടുത്തു. ഇവരുടെ ഭർത്താവിനെ വിളിച്ചുവരുത്തിയശേഷം പൊലീസ് കത്ത് വായിപ്പിച്ചു. താൻ കൊലനടത്തിയതായും സ്വത്ത് തർക്കത്തിനെ തുടർന്നാണിതെന്നും കത്തിൽ ജയേഷ് പഞ്ചാൽ സൂചിപ്പിക്കുന്നുണ്ട്. തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോഴാണ് റെയിൽവെ പൊലീസ് ഇയാളെ രക്ഷിച്ചത്. ജയേഷിനെതിരെ കൊലപാതകമടക്കം വിവിധ വകുപ്പനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു.