
ടോക്കിയോ: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ കൊലപ്പെടുത്താൻ അക്രമി ഉപയോഗിച്ചത് സ്വയം നിർമിത തോക്കെന്ന് പൊലീസ്. പ്രതിയായ തെത്സുയാ യമഗാമിയുടെ (41) വീട്ടിൽ നിന്ന് അഞ്ച്, ഒൻപത് ബാരലിലുള്ള ഷോട്ട്‌ഗൺ അടക്കം നിരവധി സ്വയം നിർമിത തോക്കുകൾ, സ്‌ഫോടക വസ്തുക്കൾ, കമ്പ്യൂട്ടർ എന്നിവ പൊലീസ് പിടിച്ചെടുത്തു.
കറുത്ത ടേപ്പ് കൊണ്ടുപൊതിഞ്ഞ നാൽപ്പത് സെന്റിമീറ്റർ നീളമുള്ള സ്വയം നിർമിത തോക്കുപയോഗിച്ചാണ് ഷിൻസോ ആബെയെ പ്രതി കൊലപ്പെടുത്തിയത്. തോക്ക് നിർമിക്കാനാവശ്യമായ വസ്തുക്കൾ ഓൺലൈനിലൂടെ വാങ്ങി മാസങ്ങൾ നീണ്ട തയ്യാറെടുപ്പിനൊടുവിൽ യമഗാമി കൃത്യം നിർവഹിക്കുകയായിരുന്നു. സ്റ്റീൽ പൈപ്പുകൾ ടേപ്പ് കൊണ്ട് പൊതിഞ്ഞ്, ഓൺലൈനിൽ വാങ്ങിയ ഉപകരണങ്ങൾ കൂടി ചേർത്താണ് ഇയാൾ തോക്കുണ്ടാക്കിയത്.

2002 മുതൽ 2005 വരെ യമഗാമി ജപ്പാനിൽ നേവി ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. സേവനകാലയളവിൽ സൈന്യത്തിലെ അംഗങ്ങൾക്ക് വെടിമരുന്ന് ഉപയോഗത്തിൽ പരിശീലനം നൽകാറുണ്ടെന്ന് മുതിർന്ന നേവി ഉദ്യോഗസ്ഥൻ പറയുന്നു. മാത്രമല്ല തോക്കുകളുടെ തകരാറുകൾ പരിശോധിക്കാനും അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള പരിശീലനവും ഇവർക്ക് നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അവർ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മാത്രം തോക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനാൽ തോക്ക് നിർമിക്കാനുള്ള പ്രാവീണ്യം സേനാംഗങ്ങൾ നേടുമെന്നത് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യമഗാമി മൂന്ന് വർഷത്തെ സൈനിക സേവനത്തിന് ശേഷം പടിഞ്ഞാറൻ ജപ്പാനിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു വരികയായിരുന്നെന്നാണ് സൂചന. ഇയാൾ നിലവിൽ തൊഴിൽരഹിതനാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാര നഗരത്തിൽ വച്ച് അക്രമിയുടെ വെടിയേറ്റ് ഷിൻസോ ആബെ കൊല്ലപ്പെട്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ തെത്സുയാ യമഗാമി ആബെയെ പിന്നിൽ നിന്ന് വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.