rss

തൃശൂർ: മല്ലപ്പള‌ളിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗം ആർഎസ്‌എസ് ആചാര്യൻ ഗോൾവാക്കറുടെ 'വിചാരധാര'യിലേതാണെന്ന് വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയായി ആർഎസ്എസ് നേതാവ്. ഭാരതീയ വിചാരകേന്ദ്രം തൃശൂർ മുൻ ജില്ലാ സെക്രട്ടറി സദാനന്ദൻ മാസ്‌റ്ററാണ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വി.ഡി സതീശന് മറുപടി നൽകിയിരിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രം 2013ൽ തൃശൂരിൽ സംഘടിപ്പിച്ച പുസ്‌തക പ്രകാശനചടങ്ങിൽ അന്ന് എംഎൽഎയായ വി.ഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും നോട്ടീസും സദാനന്ദൻ മാസ്‌റ്റർ ഫേസ്‌ബുക്ക് പോസ്‌റ്റിൽ പങ്കുവച്ചു.

ആർഎസ്‌എസിന്റെ അനുബന്ധ സംഘടനയായ പ്രജ്ഞാ പ്രവാഹിന്റെ കേരള ഘടകമാണ് ഭാരതീയ വിചാര കേന്ദ്രമെന്ന് ഓർമ്മിപ്പിച്ച സദാനന്ദൻ മാസ്‌റ്റർ അന്ന് വി.ഡി സതീശൻ നടത്തിയ പ്രസംഗത്തിൽ ഭാരതീയ വിചാരകേന്ദ്രത്തെ കുറിച്ചും പരമേശ്വർജീയെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും നല്ലവാക്കുകൾ പറഞ്ഞതായും അഭിപ്രായപ്പെടുന്നു.

അതേസമയം സജി ചെറിയാന്റെ പ്രസംഗത്തിലെ പരാമർശം ആർഎസ്എസ് ആചാര്യൻ ഗോൾവാക്കറുടെ വിചാരധാരയിലേത് എന്ന അഭിപ്രായത്തിനെതിരെ ആർഎസ്‌എസ് കഴിഞ്ഞദിവസം വി.ഡി സതീശന് നോട്ടീസ് അയച്ചിരുന്നു. പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും നോട്ടീസിനെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും സതീശൻ അറിയിച്ചു.

ആർ.എസ്.എസ് പ്രാന്തസംഘചാലക് കെ.കെ. ബാലറാമാണ് നോട്ടീസ് അയച്ചത്. ആർ.എസ്.എസ് സ്ഥാപക ആചാര്യനായ ഗോൾവാൾക്കർ വിചാരധാര എന്ന പുസ്തകത്തിൽ ഭരണഘടനയെപ്പറ്റി പറഞ്ഞതാണ് സജി ചെറിയാന്റെ വാചകങ്ങൾ എന്ന സതീശന്റെ പരാമർശം തെറ്റാണെന്ന് നോട്ടീസിൽ പറയുന്നു. സജി ചെറിയാൻ പറഞ്ഞ വാക്കുകൾ വിചാരധാരയിൽ ഒരിടത്തുമില്ല. വാസ്തവ വിരുദ്ധവും പച്ചക്കള്ളവുമാണ് പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയെന്നാണ് നോട്ടീസിൽ പറയുന്നത്.

സദാനന്ദൻ മാസ്‌റ്ററുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

ഇത് ശ്രീ വി.ഡി. സതീശൻ
നമ്മുടെ പ്രതിപക്ഷ നേതാവ്.....
ചില ഓർമ്മച്ചിത്രങ്ങൾ ഇവിടെ പങ്കുവെയ്ക്കട്ടെ.... ദുരുദ്ദേശമൊന്നുമില്ല, ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാൻ ഉപകരിക്കും. അതു കൊണ്ടു മാത്രം.
2013 മാർച്ച് 24ന് തൃശൂർ എലൈറ്റ് ഇന്റർനാഷണലിൽ വെച്ചു നടന്ന പ്രൗഢമായ ഒരു ചടങ്ങ്. സംഘാടകർ വൈചാരിക രംഗത്ത് പ്രവർത്തിക്കുന്ന ആർഎസ്എസിന്റെ അനുബന്ധ പ്രസ്ഥാനമായ പ്രജ്ഞാ പ്രവാഹിന്റെ കേരള ഘടകമായ ഭാരതീയ വിചാരകേന്ദ്രം, തൃശൂർ ജില്ലാ കമ്മറ്റി. (അന്ന് ഞാൻ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി എന്ന ചുമതലയിലായിരുന്നു). ആർഎസ്എസിന്റെ വരിഷ്ഠ പ്രചാരകനും ഹിന്ദുത്വ ദേശീയാദർശങ്ങളുടെ ഉജ്വല വക്താവുമായിരുന്ന സ്വർഗീയ പരമേശ്വർജി സമ്പാദനം നിർവഹിച്ച 'സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങായിരുന്നു അത്. വിചാര കേന്ദ്രത്തിന്റെ ജില്ലാ സമ്മേളനവും. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികളിൽ പ്രഥമഗണനീയൻ അന്ന് എംഎൽഎ മാത്രമായിരുന്ന ശ്രീ വി.ഡി.സതീശനായിരുന്നു. ആർഎസ്എസ് പ്രചാരകനായ ശ്രീ ജെ.നന്ദകുമാർ, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദർശി ആർഎസ്എസ് പ്രചാരകൻ ശ്രീ കാ ഭാ സുരേന്ദ്രൻ, സാഹിത്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖരായ സ്വാമി സദ്ഭവാനന്ദജി, ശ്രീ ആഷാ മേനോൻ, ഡോ. ലക്ഷ്മീകുമാരി, ഡോ. സുവർണ നാലപ്പാട്ട്, വിചാര കേന്ദ്രം സംസ്ഥാന പ്രസിഡണ്ട് ഡോ. എം.മോഹൻദാസ് തുടങ്ങിയവരൊക്കെ വേദിയിലുണ്ടായിരുന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്നത്തെ നമ്മുടെ പ്രതിപക്ഷ നേതാവ് ഇരുപത് മിനിറ്റോളം നീണ്ട തന്റെ പ്രസംഗത്തിനിടയിൽ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദർശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വർജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചു. കൂട്ടത്തിൽ കപട മതേതരത്വത്തെക്കുറിച്ച് ചെറുതായൊന്ന് തോണ്ടാനും മറന്നില്ല. സതീശന്റെ ആത്മാവിഷ്‌ക്കാരമായി പുറത്തു വന്ന വാക്കുകൾ കേട്ട് ഞങ്ങളൊക്കെ ഏറെ സന്തോഷിച്ചു!

എന്തുകൊണ്ട് ഇതിപ്പോൾ എന്ന തോന്നലുണ്ടാകാം. ഇപ്പോഴാണിത് വേണ്ടത്. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ, രാഷ്ട്ര വിരുദ്ധ പ്രസംഗത്തെ സതീശൻ താരതമ്യപ്പെടുത്തുന്നത് പൂജനീയ ഗുരുജിയുടെ പരാമർശങ്ങളോടാണ്. ശ്രീ ഗുരുജിയുടെ വിചാരധാരയോടാണ്. ഇത്രമേൽ ദേശദ്രോഹമാണ് ഗുരുജിയുടെ ചിന്തകളെങ്കിൽ ആ മഹാമനീഷി പ്രചരിപ്പിച്ച ദർശനങ്ങൾ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചടങ്ങിൽ സതീശൻ മുഖ്യാതിഥിയായി പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയതെന്തിന്? കേസരി വാരികയുടെ ചടങ്ങിൽ ജെ. നന്ദകുമാറിനൊപ്പം പങ്കെടുത്ത ലീഗ് നേതാവ് ശ്രീ കെഎൻഎ ഖാദറിനെ പുലഭ്യം പറഞ്ഞവരുടെ കൂട്ടത്തിലും സതീശൻ മുന്നിലുണ്ടായിരുന്നു. സതീശന് 'വെറുക്കപ്പെട്ട' സംഘടനയായ ആർഎസ്‌എസും വിചാരകേന്ദ്രവും തമ്മിലുള്ള ബന്ധ മറിയാമായിരുന്നില്ലേ...? എന്തിനു വേണ്ടിയാണ് ഇവരീ വേഷം കെട്ടുന്നത്?
എന്തിനാണീ ആത്മവഞ്ചന?
നിങ്ങളൊക്കെ എന്നാണ് ഞടട നെ ശരിയായി മനസ്സിലാക്കുക? അതോ മനസ്സിലായിട്ടും മറ്റു പലതിനും വേണ്ടി പൊട്ടൻ കളിക്കുകയാണോ?
ഏതായാലും സതീശനെതിരെ ഞടട നോട്ടീസയച്ചിട്ടുണ്ട്. പേടിപ്പിക്കേണ്ടെന്നും നിയമപരമായി നേരിടുമെന്നുമാണ് സതീശന്റെ വീരവാദം. ആരെയും പേടിപ്പിക്കുന്ന ശീലം ആർഎസ്എസിന് ഇല്ല. എന്നാൽ ചുരുങ്ങിയ മര്യാദ തീർച്ചയായും പ്രതീക്ഷിക്കുന്നു. കോടതിയിൽ സതീശൻ എന്തു പറയുന്നു എന്നു കേൾക്കാൻ കേരളം കാത്തിരിക്കുന്നു.