burnt-alive

നാഗോൺ: അസാമിൽ യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തു. മൂന്ന് സ്ത്രീകളുൾപ്പടെ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത് ബോർദലോയിയെ എന്ന യുവാവിനെയാണ് ഇവർ കൊലപ്പെടുത്തിയത്.

അസാം നാഗോണിലെ ബോർ ലാലുംഗ് മേഖലയിൽ ശനിയാഴ്ച നടന്ന പൊതു വിചാരണയ്‌ക്കൊടുവിലാണ് ഇയാളെ ജീവനോടെ ചുട്ടതെന്നാണ് റിപ്പോർട്ടുകൾ. ഗ്രാമത്തിലെ ഒരു സ്ത്രീയുടെ മരണത്തിൽ യുവാവിന് പങ്കുണ്ടെന്ന് നാട്ടുകൂട്ടം കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ശിക്ഷ വിധിച്ചത്.

ജീവനോടെ കത്തിച്ച ശേഷം മൃതദേഹം കുഴിച്ചിട്ടുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം ദാസ് പറഞ്ഞു. മജിസ്‌ട്രേറ്റിന്റെ മേൽനോട്ടത്തിൽ മൃതദേഹം കണ്ടെടുത്ത ശേഷം പരിശോധന നടത്തി. 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് വ്യക്തമാക്കി.