
ശ്രീനഗർ: കാശ്‌മീരിൽ അമർനാഥിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മലവെളളപ്പാച്ചിലുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അമർനാഥ് ക്ഷേത്രത്തിലെ ഗുഹയ്‌ക്ക് സമീപം വെളളിയാഴ്‌ചയുണ്ടായ മേഘവിസ്‌ഫോടനത്തിൽപെട്ട 40 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരെ കണ്ടെത്താനാണ് ശ്രമം. 105പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവമുണ്ടായ ഉടൻ 15,000ത്തോളം തീർത്ഥാടകരെ പഞ്ച്തർണിയിലെ ലോവർ ബേസ് ക്യാമ്പിലേക്ക് അധികൃതർ മാറ്റി. ദുരന്തസ്ഥലത്ത് കൂടുതൽപേർ പെട്ടിട്ടുണ്ടെന്ന കണക്കുകൂട്ടലിൽ ശനിയാഴ്‌ച തുടർച്ചയായി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
ദുരന്തമുണ്ടായ ഉടൻ ജമ്മു കാശ്‌മീർ ലഫ്. ഗവർണർ മനോജ് സിൻഹ അമർനാഥ് യാത്രയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാകും വരെ തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തി. സൈന്യവും, സിആർപിഎഫും ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ടീമും ചേർന്നാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന രാജസ്ഥാനിലെ ബികാനീർ സ്വദേശിയായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ സുശീൽ ഖത്രി അന്തരിച്ചു. ഇതോടെ ദുരന്തത്തിൽ ആകെ മരിച്ചവരുടെ എണ്ണം 17 ആയി.
ദുരന്തത്തിൽ ഗുരുതര പരിക്കേറ്റവരെയും മരിച്ചവരെയും എയർഫോഴ്‌സിന്റെയും ബിഎസ്‌എഫിന്റെയും ഹെലികോപ്‌റ്ററുകളിലാണ് സ്ഥലത്തുനിന്നും നീക്കിയത്. ദുരന്തത്തിൽ ഒഴുകിപ്പോയ തീർത്ഥാടനപാത ഉടൻ നന്നാക്കാനും ജല, വൈദ്യുതി ബന്ധം ഉടൻ പുനസ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. സ്ഥലത്ത് ആദ്യമായാണ് ടെന്റുകൾ അനുവദിച്ചതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂക്ക് അബ്‌ദുളള അറിയിച്ചു. ടെന്റ് സ്ഥാപിച്ചിരുന്നയിടത്താണ് ശക്തമായ മലവെളളപ്പാച്ചിലുണ്ടായത്.
J&K | CRPF personnel carries out rescue operation in cloudburst affected area at the lower #Amarnath Cave site
(Source: CRPF) pic.twitter.com/rAx2HUTW6h— ANI (@ANI) July 9, 2022