protest-

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ അദ്ദേഹത്തിന്റെ മാളികയിൽ നിന്ന് ദശലക്ഷക്കണക്കിന് രൂപ കണ്ടെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ടെടുത്ത കറൻസി നോട്ടുകൾ പ്രതിഷേധക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. കണ്ടെടുത്ത നോട്ടുകൾ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു. മോശമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പട്ടിണിയിലായ ജനത രാജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കൊളംബോയിലെ അതീവ സുരക്ഷയുള്ള ഫോർട്ട് ഏരിയയിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറിയത്. മറ്റൊരു സംഘം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയിൽ കയറി തീയിടുകയും ചെയ്തു.

രാഷ്ട്രപതി കപ്പലിൽ

ആഭ്യന്തര കലാപം വീണ്ടും കത്തിപ്പടർന്നതോടെ ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഔദ്യോഗിക വസതിയിൽ നിന്ന് ഒളിച്ചോടിയിരുന്നു. എന്നാൽ രാജ്യത്ത് നിന്നും രാജപക്‌സെ യുദ്ധക്കപ്പലിൽ കയറി നാട് വിട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വാരാന്ത്യ പ്രതിഷേധമുണ്ടാകുമെന്ന് സൂചന ലഭിച്ചപ്പോൾ തന്നെ ഇദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.

ഇതിനിടെ ശ്രീലങ്കൻ നാവികസേനയുടെ കപ്പലിൽ ലഗേജുകൾ കയറ്റുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സ്യൂട്ട്‌കേസുകൾ പ്രസിഡന്റ് രാജപക്‌സെയുടേതാണെന്ന് പ്രാദേശിക മാധ്യമങ്ങൾ അവകാശപ്പെടുന്നു. കൊളംബോ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ മൂന്ന് പേർ ഭാരിച്ച ലഗേജുകൾ കയറ്റുന്നതാണ് വീഡിയോയിലുള്ളത്. എസ്എൽഎൻഎസ് സിന്ദുരലയിലും, എസ്എൽഎൻഎസ് ഗജബാഹുവിലുമായിട്ടാണ് രാജപക്‌സെ കുടുംബാംഗങ്ങൾ രാജ്യം വിട്ടതെന്നാണ് ന്യൂസ് 1 ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ ഔദ്യോഗിക വസതിയിൽ നിന്ന് ആംബുലൻസിൽ രക്ഷപ്പെട്ടു എന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് ഇന്നലെ രാവിലെ ഇരച്ചുകയറിയത്. ഒരു ലക്ഷത്തോളം പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രസിഡന്റിന്റെ വസതി ലക്ഷ്യമാക്കി നീങ്ങിയത്. രാത്രി വൈകിയും പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകർ കൈയടക്കി വച്ചിരിക്കുകയാണ്. ഗോതബയയുടെ കൊളംബോയിലെ ഓഫീസും പ്രതിഷേധക്കാർ കൈയേറി.

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അഭാവത്തിൽ സ്പീക്കർ ആക്ടിംഗ് പ്രസിഡന്റായി. പ്രധാനമന്ത്രി വിക്രമസിംഗെയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ ജ്യേഷ്ഠനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെക്ക് വൻ സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് രാജിവെക്കേണ്ടി വന്നു. എൽ.ടി.ടി.ഇക്കെതിരായ ആഭ്യന്തരയുദ്ധത്തിൽ വിജയിച്ചതിന് ശേഷം ശ്രീലങ്കയിൽ രാജപക്‌സെ സഹോദരൻമാരായ മഹിന്ദയെയും ഗോതാബയയെയും വീരപുരുഷന്മാരായി വാഴ്ത്തിയിരുന്നു, എന്നാൽ രാജ്യത്തിന്റെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിക്ക് അവരെയാണ് ഇപ്പോൾ കുറ്റപ്പെടുത്തുന്നത്. ശ്രീലങ്കയുടെ മൊത്തം വിദേശ കടം 51 ബില്യൺ ഡോളറാണ്.