
വിമാനത്തിലും, ബസിലും മറ്റും യാത്ര ചെയ്യുമ്പോൾ തൊട്ടടുത്തുള്ള സീറ്റ് ഒഴിഞ്ഞു കിടന്നാൽ ചിലർക്ക് അതൊരു അനുഗ്രഹമായിരിക്കും, ആ സീറ്റിൽ കൂടി കടന്നിരുന്നു സുഖയാത്ര നടത്താനുള്ള അവസരമാവും അത്. എന്നാൽ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അടുത്തുള്ള സീറ്റ് ഒഴിച്ചിടാൻ ഒരു സൂത്രവിദ്യ പറയുകയാണ് മൈക്ക് ഡേവിസ് എന്നയാൾ. അമേരിക്കൻ ആഭ്യന്തര വിമാനങ്ങളിൽ ഈ വിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും വീഡിയോ പോസ്റ്റ് ചെയ്ത മൈക്ക് ഡേവിസ് അവകാശപ്പെടുന്നുണ്ട്.
മൂന്ന് പേർക്ക് ഇരിക്കാവുന്ന വിശാലമായ സീറ്റിൽ നടുവിലത്തെ സീറ്റിലിരിക്കുന്ന മൈക്ക് പിന്നീട് വരുന്നവരെ തൊട്ടടുത്ത സീറ്റിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്. ഇതിനൊപ്പം യാത്രക്കാരുടെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കുകയും ചെയ്യും. തൊട്ടടുത്ത സീറ്റിൽ കൈ എടുത്ത് വച്ചതിന് ശേഷമാണ് ഇവിടെ ഇരിക്കൂ എന്ന് പറഞ്ഞ് സ്വാഗതം ചെയ്യുന്നത്.
ഈ റിവേഴ്സ് സൈക്കോളജി അടിസ്ഥാനമാക്കിയുള്ള വിദ്യ വിജയകരമാണത്രേ. വീഡിയോ 2.2 ദശലക്ഷം കാഴ്ചകളും 175,000 ലൈക്കുകളും നേടിയാണ് വൈറലാവുന്നത്. അമേരിക്കൻ വിമാനക്കമ്പനികൾ ഓരോ യാത്രക്കാരനും സ്ഥിരമായി സീറ്റുകൾ നൽകാറില്ലെന്നതാണ് അവിടെ ഈ വിദ്യ ഫലിക്കാൻ കാരണം.
എന്നാൽ മൈക്ക് ഡേവിസിന്റെ വിദ്യ എപ്പോഴും ഫലിക്കില്ലെന്നാണ് കമന്റിൽ ആളുകൾ അഭിപ്രായപ്പെടുന്നത്.
ഒരു യുവതിയെന്ന നിലയിൽ, ഈ ആശയം വിജയിക്കില്ലെന്ന അഭിപ്രായമാണ് ചെൽസി ജോൺസ്റ്റൺ പറയുന്നത്.