arrest

ഗുവാഹത്തി: ശിവന്റെ വേഷം ധരിച്ച് തെരുവ് നാടകത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അസമിൽ ഒരാളെ അറസ്റ്റ് ചെയ്തു. നരേന്ദ്ര മോദി സർക്കാരിനെ പരിഹസിച്ച് തെരുവ് നാടകം ചെയ്തവരിൽ ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ചാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ദൈവവേഷത്തിൽ പരിപാടി അവതരിപ്പിച്ചതിനെതിരേ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ ഹിന്ദു സംഘടനകൾ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ ആവശ്യങ്ങൾക്കായി മതത്തെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് പരാതി ലഭിച്ചതോടെയാണ് പൊലീസ് നടപടിയിലേക്ക് കടന്നത്. ബിരിഞ്ചി ബോറയും പരിഷിമിതയുമാണ് ശിവന്റെയും പാർവതിയുടെയും വേഷം ധരിച്ച് സ്‌കിറ്റ് അവതരിപ്പിച്ചത്.

പരാതിയെ തുടർന്ന് ബിരിഞ്ചി ബോറയെ കസ്റ്റഡിയിലെടുത്ത് നാഗോൺ സദർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ദൈവ വേഷത്തിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേയായിരുന്നു ബിരിഞ്ചി ബോറയെ പൊലീസ് അറസ്റ്റ് ചെയ്തത്.