thief

മുംബയ്: ബഹുനില കെട്ടിടത്തിൽ മോഷണത്തിന് ഒളിച്ചുകടന്ന കള‌ളൻ താഴേക്ക് ചാടി മരിച്ചു. മുംബയിലെ കൊളാബ ചർച്ച്ഗേറ്റിൽ വെള‌ളിയാഴ്‌ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. കള‌ളൻ ബഹുനില മന്ദിരത്തിൽ അതിക്രമിച്ച് കയറിയതായി മനസിലാക്കിയ ഇവിടത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിനെ അറിയിച്ചു. കെട്ടിടത്തിന്റെ നാലാം നിലയിൽ നിൽക്കുകയായിരുന്ന മോഷ്‌ടാവ് പൊലീസ് എത്തിയതറിഞ്ഞ് വന്ദേ മാതരം എന്ന് ഉറക്കെ വിളിച്ച് താഴേക്ക് ചാടി.

ഉടൻ തന്നെ അടുത്തുള‌ള ജെജെ ആശുപത്രിയിൽ ഇയാളെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇയാൾ മരിച്ചു. 25കാരനാണ് ഇങ്ങനെ മരിച്ചത്. കെട്ടിടത്തിന്റെ ഡ്രെയിനേജ് ലെയിനിലൂടെയും എസിയുടെ സംവിധാനങ്ങളിലും പിടിച്ച് കയറിയാണ് ഇയാൾ നാലാം നിലയിലെത്തിയതെന്ന് ഒരു സ്ഥലവാസി അറിയിച്ചു. എന്നാൽ കള‌ളന്റെ സാന്നിദ്ധ്യം അറിഞ്ഞ് പൊലീസ് എത്തിയതോടെ ഇയാൾ താഴേക്ക് ചാടുകയായിരുന്നു. വീഴ്‌ചയിൽ ഇയാൾക്ക് ഗുരുതര പരിക്ക് ഏറ്റിരുന്നു.