modi

കൊൽക്കത്ത : ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ അതേ ഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉണ്ടാവുമെന്ന് തൃണമൂൽ എം എൽ എ ഇദ്രിസ് അലി. സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽ ജനങ്ങളുടെ പ്രതിഷേധം കഴിഞ്ഞ ദിവസം അതിരു കടന്നിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന് ശനിയാഴ്ച ഗോതബയ രാജപക്‌സെക്ക് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്നും രക്ഷപ്പെടേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് മോദിക്കും ഇതേ അവസ്ഥ ഉണ്ടാവുമെന്ന് ടി എം സി എം എൽ എ പറഞ്ഞത്.

കൊൽക്കത്തയിലെ സീൽദാ മെട്രോ സ്റ്റേഷന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ക്ഷണിക്കാത്തതിനെ തുടർന്നാണ് അലിയുടെ പരാമർശം. നാളെ പകൽ പതിനൊന്നിന് നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. മമത ബാനർജിയെ ക്ഷണിക്കാത്തത് അനീതിയാണെന്നും അവർ റെയിൽവേ മന്ത്രിയായിരിക്കെ തുടക്കമിട്ട പദ്ധതിയാണിതെന്നും അലി പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിലേക്ക് സംസ്ഥാന സർക്കാരിൽ നിന്നുള്ള പ്രമുഖരെ ക്ഷണിക്കാത്തതിൽ തൃണമൂൽ കോൺഗ്രസ് അതൃപ്തിയിലാണ്. കേന്ദ്രസർക്കാർ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.


ഇതിന് മുൻപ് വിക്ടോറിയ സ്മാരകത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ നടന്ന ഔദ്യോഗിക പരിപാടിയിൽ നിന്നും മമത ബാനർജിയെ ഒഴിവാക്കിയിരുന്നു. അതേസമയം സംസ്ഥാന സർക്കാർ പരിപാടികളിലേക്ക് ബിജെപി എംഎൽഎമാരെയും എംപിമാരെയും ക്ഷണിക്കാത്ത രീതി തൃണമൂൽ കോൺഗ്രസാണ് ആദ്യം ആരംഭിച്ചതെന്ന് ബി ജെ പി തിരിച്ചടിച്ചു.