cong

പനാജി: നിയമസഭ സമ്മേളനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഗോവയിൽ കോൺഗ്രസ് പാർട്ടി യോഗത്തിൽ നിന്നും മൂന്ന് എംഎൽഎമാർ വിട്ടുനിന്നതായി റിപ്പോർട്ടുകൾ. ഗോവയിൽ പ്രതിപക്ഷ സ്ഥാനത്തിരിക്കുന്ന കോൺഗ്രസിൽ നിന്നും എംഎൽഎമാർ ബിജെപിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതായുള‌ള സൂചനകളാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കോൺഗ്രസ് നേതൃത്വം ഈ വാർത്ത നിഷേധിച്ചു.

നിലവിൽ 11 അംഗങ്ങളാണ് ഗോവ നിയമസഭയിൽ കോൺഗ്രസിനുള‌ളത്. 40 അംഗ നിയമസഭയിൽ 25 സീറ്റുകൾ നേടിയ എൻഡിഎയാണ് ഭരിക്കുന്നത്. 11 അംഗങ്ങളിൽ ഏഴുപേർ യോഗത്തിൽ പങ്കെടുത്തതായും കിംവദന്തികളിൽ കാര്യമില്ലെന്നും കോൺഗ്രസ് എംഎൽഎ അലക്‌സോ സെക്വീരാ പറഞ്ഞു. മൈക്കൽ ലോബോയെ പ്രതിപക്ഷ നേതാവാക്കിയതിൽ മുൻ മുഖ്യമന്ത്രി അതൃപ്‌തനാണെന്ന റിപ്പോർട്ടും പാർട്ടി തള‌ളി. അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തിയ ലോബോ ഇപ്പോഴും പഴയ പാർട്ടിയുമായി നല്ല ബന്ധത്തിലാണെന്നുമാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2019ൽ പാർട്ടി എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെ നിയമസഭാംഗങ്ങളായി നാല് മുൻ മുഖ്യമന്ത്രിമാർ മാത്രമായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി എംഎൽഎമാർ മറുപക്ഷം ചേരില്ലെന്ന് കോൺഗ്രസ് സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നു.