നരസിംഹം, ആറാം തമ്പുരാൻ, വല്യേട്ടൻ എന്നിങ്ങനെ മാസ് പടങ്ങളിലൂടെ മലയാളികളെ ആവേശം കൊള്ളിച്ച ഷാജി കെെലാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. ജിനു വി അബ്രഹമിന്റേതാണ് തിരക്കഥ.
പൃഥ്വിരാജിനെക്കൂടാതെ സംയുക്ത മേനോൻ, അലെൻസിയർ, ഇന്നസെന്റ്, ഷാജോൺ, ജോയ് മാത്യു, ബൈജു സന്തോഷ്, അർജുൻ അശോകൻ, സുധീർ കരമന, രാഹുൽ മാധവ്, അനീഷ് ജി മേനോൻ, നന്ദു, സീമ, പ്രിയങ്ക നായർ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസായിട്ടുണ്ട്.

ഇപ്പോഴിതാ സിനിമാ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഷാജി കെെലാസും ജിനുവും. കൗമുദി മൂവീസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
'കടുവ 2 വരും. സിനിമയുടെ പ്രീക്വൽ ആയിരിക്കും ആദ്യം വരിക. കോരത് മാപ്പിളയുടെ കഥ പറയുന്ന ഈ ചിത്രം ഉടൻ വരും. ചിത്രത്തിൽ പൃഥ്വിരാജ് ഉണ്ടാവും. മാസ് പടങ്ങൾ മാത്രമല്ല, എല്ലാത്തരം സിനിമകളും മലയാളത്തിൽ വരണം. പ്രതീക്ഷയുള്ള ലെെനപ്പാണ് മുന്നിലുള്ളത്. കാപ്പ രസകരമായ സബ്‌ജെക്‌ടാണ്. അത്യാവശ്യം മാസ് ഉള്ള കഥാപാത്രമാണ് രാജുവിന്റേത്. പുതിയൊരു ഡയറക്‌ടറിനൊപ്പം ഒരു മമ്മൂക്ക പടം വരുന്നുണ്ട്' - ജിനു പറഞ്ഞു.
'കടുവയുടെ സൗണ്ട് ശരിയാകുമോ എന്ന് മാത്രമേ ടെൻഷൻ ഉണ്ടായിരുന്നുള്ളു. രഞ്ജിത്ത് ഒക്കെ തിരക്കിലാണ്. സിനിമ മാറിയില്ലേ എന്നൊക്കെയാണ് പറയുന്നത്. രഞ്ജി പണിക്കർക്കും സമയമില്ല. ജിനുവിനെ കിട്ടിയത് നന്നായി'- ഷാജി കെെലാസ് പറഞ്ഞു.
