
കൊടുങ്ങല്ലൂർ: ആചാരങ്ങൾക്കപ്പുറം ആഘോഷങ്ങളെല്ലാം ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും അടയാളമാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തെ ആദ്യ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ ബലിപെരുന്നാൾ നമസ്കാരത്തിന് എത്തിയതായിരുന്നു ഗവർണർ.
ആത്മത്യാഗത്തിന്റെ സന്ദേശമാണ് ബക്രീദ് നൽകുന്നത്. ദൈവത്തിൽ സ്വയം സമർപ്പിച്ചവർക്ക് സകല സൃഷ്ടികളോടും സ്നേഹവും കാരുണ്യവും ഉണ്ടാകും. ഐക്യത്തിനും സാമുദായിക സൗഹാർദത്തിനും പ്രധാന്യം നൽകണം. സന്തോഷവും സഹവർത്തിത്വവും പുലരാൻ മനസുകൾ ഒരുമിക്കണമെന്നും ഗവർണർ പറഞ്ഞു.
നമസ്കാരത്തിനു ശേഷം അദ്ദേഹം പുരാതന ശൈലി നിലനിറുത്തി പുതുക്കിപ്പണിത ചേരമാൻ മസ്ജിദ് നടന്ന് കണ്ടു. ഗവർണറുടെ സന്ദർശനം മഹനീയമായി കാണുന്നതായി പള്ളി ഇമാം ഡോ. മുഹമ്മദ് സലിം നദ്വി പറഞ്ഞു. ആലുവായിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രയിലാണ് പെരുന്നാൾ നമസ്കാരത്തിനായി ചേരമാൻ മസ്ജിദിൽ ഗവർണർ എത്തിയത്.
മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സെയ്ദ്, സെക്രട്ടറി എസ്.എ. അബ്ദുൾ ഖയ്യൂം, ഇമാം ഡോ. മുഹമ്മദ് സലിം നദ്വി, ട്രഷറർ കെ.എ. അബ്ദുൾ കരീം, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ എന്നിവർ ചേർന്ന് നമസ്കാര വേദിയിലേക്ക് ഗവർണറെ വരവേറ്റു. ഗവർണക്കായി കനത്ത സുരക്ഷ പള്ളിയിലും പരിസരത്തും പൊലീസ് ഏർപ്പെടുത്തിയിരുന്നു. കടകൾ തുറക്കാനും വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ, ഡിവൈ.എസ്.പി: സലീഷ് എൻ. ശങ്കരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി: ബിജുകുമാർ, കൊടുങ്ങല്ലൂർ സി.ഐ: ബ്രിജുകുമാർ തുടങ്ങിയവർ സുരക്ഷാ ക്രമീകരണത്തിന് നേതൃത്വം നൽകി.
കാപ്ഷൻ
കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുന്നാൾ നമസ്കാരം നടത്തുന്നു.