jaishankar

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവും കൊണ്ട് മോശാവസ്ഥയിലായ ശ്രീലങ്കയിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ. ശ്രീലങ്കയ്‌ക്ക് പ്രതിസന്ധി മറികടക്കാൻ എല്ലാ പിന്തുണയും നൽകും. എക്കാലത്തും ശ്രീലങ്കയ്‌ക്കൊപ്പം നിലകൊണ്ട രാജ്യമാണ് ഇന്ത്യയെന്നും ജയ്‌ശങ്കർ അറിയിച്ചു.

അയൽക്കാരായ ശ്രീലങ്കയുടെ മോശം അവസ്ഥയിൽ അവർക്കൊപ്പം നിൽക്കുന്നതും അവരെ സഹായിക്കുന്നതും ഇന്ത്യയുടെ നയമാണ്. നിലവിൽ ലങ്കയ്‌ക്ക് എല്ലാ പിന്തുണയുമുണ്ട്. അഭയാർത്ഥി കുടിയേറ്റ പ്രശ്‌നം നിലവിലില്ലെന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വച്ച് എസ്.ജയ്‌ശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ധനം, അരി, പാൽപ്പൊടി, മണ്ണെണ്ണ എന്നിങ്ങനെ അവശ്യ സാധനങ്ങളും നിത്യോപയോഗ വസ്‌തുക്കളുമടക്കം ആവശ്യമായവയെല്ലാം ഇന്ത്യ കഴിഞ്ഞ രണ്ട് മാസങ്ങളായി ശ്രീലങ്കയ്‌ക്ക് നൽകുകയാണ്. ശ്രീലങ്ക സ്വയം പ്രശ്‌നങ്ങൾ പരിഹരിക്കാനുള‌ള തീവ്ര ശ്രമത്തിലാണെന്നും അതിനാൽ കാത്തിരിക്കേണ്ടതുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി പറഞ്ഞു.350 കോടി ഡോളറിന്റെ സഹായമാണ് ഇന്ത്യ ഇതുവരെ ലങ്കയ്‌ക്ക് നൽകിയത്. 25 ടണ്ണോളം മരുന്നുകളും ലങ്കയിൽ വിതരണം ചെയ്‌തിരുന്നു.

ശക്തമായ ജനകീയ പ്രക്ഷോഭം നടന്ന ഇന്നലെ പ്രക്ഷോഭകർ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറുന്നതും അടുക്കളയിൽ പാചകം ചെയ്യുന്നതും സ്വിമ്മിംഗ് പൂളിൽ നീന്തുന്നതും ജിമ്മിൽ വ്യായാമം ചെയ്യുന്നതും വീഡിയോകൾ പ്രചരിച്ചിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നും കണ്ടെത്തിയ ദശലക്ഷ കണക്കിന് നോട്ടുകൾ പ്രക്ഷോഭകാരികൾ സുരക്ഷാ സേനയ്‌ക്ക് കൈമാറി.