start-up

കൊച്ചി: ഇന്ത്യൻ യുവത്വത്തിന്റെ തൊഴിൽമോഹങ്ങളിൽ പുത്തൻ പ്രതീക്ഷകളുണർത്തി വളരുകയാണ് സ്‌റ്റാർട്ടപ്പ് മേഖല. ഒരു സ്‌റ്റാർട്ടപ്പെങ്കിലും ഇല്ലാത്ത സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ഇല്ല. രാജ്യത്തെ 645 ജില്ലകളിലായി പ്രവർത്തിക്കുന്നത് 72,000ലേറെ സ്‌റ്റാർട്ടപ്പുകൾ. ഇവ ഇതിനകം തൊഴിൽനൽകിയത് 7.5 ലക്ഷത്തോളം പേർക്കും.

രാജ്യത്തെ മൊത്തം സ്‌റ്റാർട്ടപ്പുകളിൽ പാതിയോളവും പ്രവർത്തിക്കുന്നത് രണ്ടും മൂന്നുംനിര നഗരങ്ങളിലാണെന്ന് കേന്ദ്ര വ്യവസായ,​ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി)​ വ്യക്തമാക്കി. 45 ശതമാനം സ്‌റ്റാർട്ടപ്പുകളിലും കുറഞ്ഞത് ഒരു വനിതയെങ്കിലും ജോലി ചെയ്യുന്നു.

2016ലാണ് കേന്ദ്രസർക്കാർ 'സ്‌റ്റാർട്ടപ്പ് ഇന്ത്യ ഇനീഷ്യേറ്റീവിന്" തുടക്കമിടുന്നത്. തുടർന്ന് ഇതിനകം 30ഓളം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പ്രത്യേക സ്‌റ്റാർട്ടപ്പ് നയം കൊണ്ടുവന്നു. ഈരംഗത്ത് കേന്ദ്രം 50ഓളവും സംസ്ഥാനങ്ങൾ 600ലേറെയും നിയമപരിഷ്കാരങ്ങളും നടപ്പാക്കി. ഇന്ത്യയിൽ 100ലേറെ യുണീകോൺ കമ്പനികളും പ്രവർത്തിക്കുന്നുണ്ട് (100 കോടി ഡോളറിനുമേൽ നിക്ഷേപമൂല്യമുള്ള സ്‌റ്റാർട്ടപ്പുകളാണ് യുണീകോണുകൾ).

വഴികാട്ടിയായി കേരളം

ഇന്ത്യയിൽ സ്‌റ്റാർട്ടപ്പുകൾക്ക് ഏറ്റവും അനുയോജ്യമായതും മികച്ച വളർച്ചാസാദ്ധ്യതയുള്ളതുമായ സംസ്ഥാനമെന്ന പെരുമ കേരളത്തിന് സ്വന്തമാണ്. സ്‌റ്റാർട്ടപ്പ് രംഗത്തെ മികച്ച പ്രകടനത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്‌കാരം തുടർച്ചയായ മൂന്നാംവട്ടവും അടുത്തിടെ കേരളം നേടിയിരുന്നു.

ഗ്ളോബൽ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ (ജി.എസ്.ഇ.ആർ) അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ ഏഷ്യയിൽ ഒന്നാംസ്ഥാനവും കേരളം ചൂടിയിരുന്നു. ഈവിഭാഗത്തിൽ ആഗോളതലത്തിൽ നാലാംസ്ഥാനവും കേരളത്തിനാണ്.

3800

രജിസ്‌റ്റർ ചെയ്‌ത 3800ഓളം സ്‌റ്റാർട്ടപ്പുകൾ കേരളത്തിലുണ്ട്. വനിതകൾ നയിക്കുന്ന സ്‌റ്റാർട്ടപ്പുകൾ 20ലധികമുണ്ട്.