
പനാജി : ഗോവയിൽ പ്രതിപക്ഷ നേതാവിന്റെയും മുൻമുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ കൂട്ടത്തോടെ ബ.ജെ.പിയിലേക്ക് പോകുമെന്ന് സൂചന. പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തി. നാല് കോൺഗ്രസ് എം.എൽ.എമാർക്കൊപ്പമാണ് മൈക്കിൾ ലോബോ മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. ലോബോയുടെ ഭാര്യയും എം.എൽ.എയുമായ ദലൈലയും മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മൈക്കിൾ ലോബോയെ കോൺഗ്രസ് നീക്കി.
കോൺഗ്രസ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അഞ്ച് എം.എൽ.എമാർ മാത്രാണ് എത്തിയത്. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് കോൺഗ്രസ് എം.എൽ.എമാർ വിമത നീക്കം ശക്തമാക്കിയത്. 11 എം.എൽ.എമാരിൽ പത്ത് പേരെങ്കിലും ബി.ജെ.പിയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. മുൻമുഖ്യമന്ത്രി ദംഗബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോയും കൂറുമാറുന്നവരിൽ ഉണ്ടെന്നാണ് വിവരം.
വിമത നീക്കം ഉണ്ടാകുമെന്ന സൂചനയെതുടർന്ന് എം.എൽ.എമാരെ കോൺഗ്രസ് ഇന്ന് മഡ്‌ഗാവിലെ ഹോട്ടലിലേക്ക് മാറ്റിയെങ്കിലും ദിഗംബർ കാമത്ത് എത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മൈക്കിൾ ലോബോ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം ദിഗംബർ കാമത്തിന് പകരം മൈക്കിൾ ലോബോയെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കുകയായിരുന്നു.