sri-lanka

കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്ആഭ്യന്തര കലാപം വീണ്ടും പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയടക്കുകയും ചെയ്ത അരക്ഷിതാവസ്ഥ രാജ്യത്ത് നിലനിൽക്കുകയാണെങ്കിലും ശ്രീലങ്കയും ആസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മാറ്റിവയ്ക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

പ്രക്ഷോഭകാരികൾ മത്സരത്തിന് എതിരല്ല. രാഷ്ട്രീയവും സ്പോർട്സും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടെന്നാണ് തീരുമാനം. ജനങ്ങൾ വലിയ പ്രതിസന്ധിയിൽ ആയിരിക്കുമ്പോൾ അരക്ഷിതാവസ്ഥയിലായിരുന്ന തങ്ങളുടെ നാട്ടിൽ ഫുൾസ്ക്വാഡുമായി കളിക്കാനെത്തിയ ആസ്ട്രേലിയയോട് ശ്രീലങ്കൻ ജനതയ്ക്ക് വലിയ ആദരവാണുള്ളത്.

ആസ്ട്രേലിയൻ ജേഴ്സിയണിഞ്ഞ് അവരുടെ കൊടികളുമായി ഗാലറിയിലെത്തിയാണ് ശ്രീലങ്കൻ ജനത ഓസീസിനോടുള്ള നന്ദിയറിയിച്ചത്. രണ്ടാം ടെസ്റ്റ് നടക്കുന്ന ഗാലെയിൽ സ്റ്റേഡിയത്തിന് പ്രക്ഷോഭകാരികൾ പ്രകടനം നടത്തുകയും സമീപമുള്ള കോട്ടയ്ക്ക് മുകളിൽ കയറുകയുമൊക്കെ ചെയ്തിരുന്നെങ്കിലും മത്സരം തടസപ്പെടുത്താനുള്ല ഒരു ശ്രമവും അവരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. പാകിസ്ഥാൻ ടെസ്റ്റ് ടീമും 16ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കായി ശ്രീലങ്കയിലുണ്ട്.