
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിനായി തിങ്കളാഴ്ച മുതൽ 18വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു റവന്യു ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ചേർത്ത് ഒരൊറ്റ അപേക്ഷ മതിയാകും. ഒരു വിദ്യാർത്ഥിക്ക് ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാം.
www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. . ട്രയൽ അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് 27നും അവസാന അലോട്ട്മെന്റ് ആഗസ്റ്റ് 11നും നടക്കും. ആഗസ്റ്റ് 17നാണ് ക്ളാസുകൾ ആരംഭിക്കുന്നത്.
പത്താം ക്ലാസ് പരീക്ഷയിൽ ഓരോ പേപ്പറിനും കുറഞ്ഞത് 'ഡി +' ഗ്രേഡ് അഥവാ തുല്യമാർക്കു വാങ്ങി ഉപരിപഠന യോഗ്യത നേടിയവർക്കാണ് പ്രവേശന യോഗ്യത. സി.ബി.എസ്.ഇ വിഭാഗത്തിൽ ബോർഡ് തല പരീക്ഷ ജയിച്ചവരെയാണ് ആദ്യറൗണ്ടിൽ പരിഗണിക്കുക.
2018 മാർച്ചിനു മുൻപ് വെവ്വേറെ സ്കൂൾ,ബോർഡ്-തല പരീക്ഷകളിൽ യോഗ്യത നേടിയ കുട്ടികളുടെ രക്ഷിതാക്കൾ തെളിവിനായി 9–ാം അനുബന്ധത്തിലെ ഫോർമാറ്റിൽ 50 രൂപയുടെ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം. സ്കൂൾ തല സി.ബി.എസ്.ഇക്കാരെ മുഖ്യ അലോട്ട്മെന്റിനു ശേഷമുള്ള ഒഴിവുകളിലേക്ക് പരിഗണിക്കും. സി.ബി.എസ്.ഇയിൽ 'മാത്തമാറ്റിക്സ് സ്റ്റാൻഡേർഡ്' ജയിച്ചവർക്ക് മാത്രമേ കണക്ക് ഉൾപ്പെട്ട വിഷയങ്ങളുടെ കോംബിനേഷൻ എടുക്കാനാവൂ.10–ാം ക്ലാസിൽ നേടിയ മാർക്കുകൾ പ്രത്യേക രീതിയിൽ കൂട്ടിയെടുക്കുന്ന ഡബ്ളിയു.ജി.പി.എ അടിസ്ഥാനമാക്കി റാങ്ക്, കുട്ടികളുടെ താത്പര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടർ പ്രോഗ്രാം വഴി സെലക്ഷനും അലോട്ട്മെന്റും നടത്തും.
പ്രായപരിധി
2022 ജൂൺ 1ന് 15-20 വയസ്. കേരളത്തിലെ പൊതുപരീക്ഷാ ബോർഡിൽ നിന്ന് ജയിച്ചവർക്കു കുറഞ്ഞ പ്രായപരിധിയില്ല. മറ്റു ബോർഡുകാർക്കു കുറഞ്ഞതും കൂടിയതുമായ പരിധികളിൽ 6 മാസം വരെ ഇളവ് വാങ്ങാം. കേരള ബോർഡുകാർക്ക് ഉയർന്ന പ്രായത്തിൽ 6 മാസം വരെയും. പട്ടികവിഭാഗക്കാർക്ക് 22, അന്ധ, ബധിര വിഭാഗക്കാർക്കും ബുദ്ധിപരമായി വെല്ലുവിളി നേടുന്നവർക്കും 25 വരെയും ഇളവുണ്ട്.
അപേക്ഷിക്കേണ്ടത്
www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക് ചെയ്ത് ഹയർ സെക്കൻഡറി സൈറ്റിലെത്തുക. തുടർന്ന് പ്രോസ്പെക്ടസ്, 11 അനുബന്ധങ്ങൾ, അപേക്ഷയ്ക്കുള്ള യൂസർ മാനുവൽ എന്നിവ ഡൗൺലോഡ് ചെയ്ത് വ്യവസ്ഥകൾ പഠിക്കുക. ഹയർ സെക്കൻഡറി സൈറ്റിലെ CREATE CANDIDATE LOGIN-SWS ലിങ്കിലൂടെ ലോഗിൻ ചെയ്ത് മൊബൈൽ ഒ.ടി.പി വഴി പാസ്വേഡ് നൽകി അപേക്ഷിക്കണം. ഓപ്ഷൻ സമർപ്പണം, ഫീസടയ്ക്കൽ തുടങ്ങിയവയും ഇതേ ലോഗിൻ വഴി തന്നെ.
അപേക്ഷയിൽ കാണിക്കേണ്ട യോഗ്യതകൾ, അവകാശപ്പെടുന്ന ആനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള രേഖകൾ കരുതണം. സൈറ്റിൽ നിന്നു കിട്ടുന്ന അപേക്ഷാനമ്പർ എഴുതി സൂക്ഷിക്കുക. രേഖകളൊന്നും അപ്ലോഡ് ചെയ്യാത്തതിനാൽ നൽകുന്ന വിവരങ്ങളനുസരിച്ചാവും സെലക്ഷൻ. ഭിന്നശേഷിക്കാരും, 10–ാം ക്ലാസിൽ other (കോഡ് 7) സ്കീമിൽപ്പെട്ടവരും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യണം.
പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചു
അതസമയം പ്ളസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും കൊല്ലം, എറണാകുളം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവുമാണ് സീറ്റ് വർദ്ധിപ്പിച്ചത്. എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെടുന്ന പക്ഷം പത്ത് ശതമാനം സീറ്റ് കൂടി വർദ്ധിപ്പിക്കും.
ഇതിന് പുറമേ, കഴിഞ്ഞ വർഷം താത്കാലികമായി അനുവദിച്ച 79 എണ്ണം ഉൾപ്പെടെ 81 ബാച്ചുകൾ ഈ വർഷവും തുടരാനും അനുമതിയായി. ഇതോടെ സംസ്ഥാനത്തെ അൺ എയ്ഡഡ് ഉൾപ്പെടെയുള്ള സ്കൂളുകളിൽ പ്ളസ് വൺ പ്രവേശനത്തിനുള്ള സീറ്റുകളുടെ എണ്ണം 3,61,307ൽ നിന്ന് 4,18,242 ആയി വർദ്ധിച്ചു. 56,935 സീറ്റുകൾ അധികം. വർദ്ധിച്ച സീറ്റുകൾ പ്ളസ് വൺ പ്രവേശനത്തിന്റെ ഒന്നാം അലോട്ട്മെന്റ് മുതൽ ലഭ്യമാകും. വർദ്ധന വഴി സർക്കാർ സീറ്റുകൾ 1,74,110 ഉം, എയ്ഡഡ് സീറ്റുകൾ 1,89,590ഉം ആയി ഉയരും.
കഴിഞ്ഞ വർഷം അനുവദിച്ച 18 സയൻസ്, 49 ഹ്യുമാനിറ്റീസ്, എട്ട് കൊമേഴ്സ്. ഇതിന് പുറമെ രണ്ട് സയൻസ് ബാച്ചുകളും ഒന്ന് വീതം ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകൾ ഷിഫ്റ്റ് ചെയ്തതും തുടരും
. ഏറ്റവും കൂടുതൽ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച മലപ്പുറത്ത് സീറ്റ് വർദ്ധനയും താത്കാലിക ബാച്ചുകളും വഴി പ്ളസ് വൺ സീറ്റുകളുടെ എണ്ണം 53,225ൽ നിന്ന് 63,875 ആയി ഉയർത്തിയിട്ടും 13,816 സീറ്റിന്റെ കുറവുണ്ട്. ഇതിൽ 11,275 എണ്ണം അൺ എയ്ഡഡ് മേഖലയിലാണ്. 77,691 പേരാണ് പത്താം ക്ളാസ് വിജയിച്ചത്
ജില്ലകളിലെ സീറ്റുകൾ
(ആകെ, മെരിറ്റ് , എസ്.എസ്.എൽ.സി വിജയിച്ചവർ എന്ന ക്രമത്തിൽ:
തിരുവനന്തപുരം -37665, 26074, 34039
കൊല്ലം - 31182, 22074, 30534
പത്തനംതിട്ട- 14781, 9815, 10437
ആലപ്പുഴ -22639, 15695, 21879
കോട്ടയം -22208, 13955, 19393
ഇടുക്കി -11867, 7925, 11294
എറണാകുളം -37889, 24354, 31780
തൃശൂർ -38126, 25884, 35671
പാലക്കാട് -34387, 25698, 38972
മലപ്പുറം- 63875, 43930, 77691
കോഴിക്കോട്- 40962, 29206, 43496
വയനാട്- 10796, 8654, 11946
കണ്ണൂർ -34292, 27279, 35167
കാസർകോട്- 17573, 13995, 19658