
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ശ്രീലേഖയ‌്ക്ക് വിമർശനവുമായി നിരവധിപേർ എത്തുന്നുണ്ട്. കേട്ടപ്പോൾ വെറുതെയിരിക്കാൻ തോന്നിയില്ലെന്നും, ശ്രീലേഖയോട് നേരിട്ടുതന്നെ പ്രതികരിച്ചുവെന്ന് ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി പ്രതികരിച്ചു.
തനിക്ക് വളരെ ബഹുമാനമുണ്ടായിരുന്ന ആളായിരുന്ന ശ്രീലേഖയെന്നും, എന്നാൽ അവരുടെ പ്രതികരണം കേട്ടപ്പോൾ വാട്‌സാപ്പ് വഴി വ്യക്തിപരമായി തന്നെ വിമർശനം നടത്തിയെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു. വളരെ സങ്കടമുള്ള കാര്യമാണ്. ഇങ്ങനെയുള്ള പ്രതികളെ അവർ ഏതൊക്കെ രീതിയിൽ സംരക്ഷിച്ചിരിക്കാം എന്നു തോന്നിപ്പോകുന്നുണ്ട്. ദിലീപ് കുറ്റം ചെയ‌്‌തോ ഇല്ലയോ എന്ന് കേസ് തീരുമ്പോൾ നമ്മൾ മനസിലാക്കും. അതുവരെ അയാൾ കുറ്റവാളിയുടെ സ്ഥാനത്തു നിൽക്കുന്നയാളാണ്. ഈ നിമിഷം വരെ ശ്രീലേഖ എന്ന വ്യക്തി ആ പെൺകുട്ടിയെ വിളിച്ചു സംസാരിച്ചിട്ടില്ല. വെറും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണിതെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.
അതേസമയം, ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. ശ്രീലേഖയുടെ വീഡിയോ ദിലീപിന്റെ അഭിഭാഷകർ പൊലീസിനെതിരെ തെളിവായി കോടതിയിൽ ഹാജരാക്കാൻ സാദ്ധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്‌തരിക്കണമെന്ന് വരെ പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടേക്കാം.