sandeepananda-giri

തിരുവനന്തപുരം: ആശ്രമത്തിലെ വാഹനം കത്തിച്ച കേസിൽ പൊലീസ് വലിയ അനാസ്ഥ കാണിക്കുന്നതായി സ്വാമി സന്ദീപാനന്ദ ഗിരി. അനീതിക്കും അധർമ്മത്തിനുമെതിരെ സംസാരിക്കുന്ന ആളുകളെ മൗനമാക്കുക എന്നതാണ് ഇത്തരം പ്രവർത്തികളിലൂടെ ചിലർ ലക്ഷ്യം വയ‌്ക്കുന്നത്. ആശ്രമത്തിലെ വാഹനം കത്തിച്ചത് വളരെ ആസൂത്രിതമായി നടത്തിയ കാര്യമാണ്. പൊലീസ് നിർബന്ധം പിടിച്ചിട്ടാണ് കിടന്നിടത്തു നിന്നും കാർ മാറ്റിയിട്ടത്. അന്നേ അക്രമികളുടെ ലക്ഷ്യം വാഹനമായിരുന്നുവെന്നും സന്ദീപാനന്ദ ഗിരി ആരോപിച്ചു.

സിസിടിവി കഴിഞ്ഞകുറേ കാലമായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല ഇതും അക്രമികൾ കൃത്യമായി മനസിലാക്കി. പൊലീസിന്റെ ഭാഗത്തു നിന്നും വലിയ അനാസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ലോക്കൽ പൊലീസിന്റെ ഭാഗത്തു നിന്നാണ് ഏറ്റവും വലിയ അനാസ്ഥ. പരിസരത്തെ ചില ആളുകളെ കുറിച്ചുള്ള സംശയങ്ങളൊക്കെ പൊലീസിന് കൈമാറിയിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ലെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

താനാണ് തീയിട്ടതെന്ന ചിലരുടെ വാദത്തിന് പൊലീസിന്റെ ഇപ്പോഴത്ത നിലപാട് സഹായകമാവുകയേയുള്ളൂ. നമ്മൾ എന്തിന് അത് ചെയ്യണം? അടുത്തുള്ള അഞ്ച് സെന്റ് വിറ്റിട്ടാണ് ആശ്രമം ശരിയാക്കിയത്. വണ്ടിയുടെ ഇൻഷുറൻസ് പോലും ഇതുവരെ കിട്ടിയിട്ടില്ല. പിന്നെ നമ്മൾ ഇതു ചെയ്യുന്നതു കൊണ്ട് എന്താണ് പ്രയോജനം? സന്ദീപാനന്ദ ഗിരി ചോദിച്ചു.

അടുത്ത നടപടി എന്താണെന്ന് മുഖ്യമന്ത്രിയുമായിട്ട് ആലോചിക്കണം. അഞ്ചു രൂപ പോലും സഹായം ഒരാളുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. തലയ‌്ക്കകത്ത് ചാണകമുള്ളവരോട് എന്തുപറഞ്ഞിട്ടും കാര്യമില്ല. പഴയ വണ്ടി കത്തിച്ചാൽ പുതിയ വണ്ടിയുടെ ഇൻഷുറൻസ് കിട്ടുമെന്ന് തലയ‌്ക്കകത്ത് ചാണകമുള്ളവർക്കേ പറയാൻ കഴിയൂ. 50 ലക്ഷത്തിന്റെ അടുത്ത് നഷ്‌ടം ആശ്രമത്തിനും വണ്ടിക്കും കൂടി ഉണ്ടായിട്ടുണ്ട്.

കെ സുരേന്ദ്രനെതിരെയും സന്ദീപാനന്ദ ഗിരി കടുത്ത വിമർശനമുർത്തി. ബീഫ് വെട്ടിവിഴുങ്ങിയിട്ട് ഉള്ളിക്കറിയെന്ന് പറഞ്ഞയാളാണ് സുരേന്ദ്രൻ. ക്രെഡിബിലിറ്റിയില്ലാത്ത സുരേന്ദ്രൻ അറുമാദിക്കട്ടെയെന്നും സന്ദീപാനന്ദ ഗിരി പ്രതികരിച്ചു.