
റിയാദ്: ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തിയത് 6,500 കിലോമീറ്റർ നടന്ന്. ഇറാഖി-കുർദിഷ് വംശജനായ 52 കാരൻ ആദം മുഹമ്മദ് ആണ് ഇംഗ്ളണ്ടിലെ വോൾവർഹാംപ്ടണിൽ നിന്ന് മക്കവരെ നടന്നെത്തിയത്. പത്ത് മാസവും 25 ദിവസവും എടുത്താണ് ആദം ലക്ഷ്യം പൂർത്തിയാക്കിയത്. നെതർലൻഡ്‌സ്, ജർമ്മനി, ഓസ്ട്രിയ, ഹംഗറി, സെർബിയ, ബൾഗേറിയ, തുർക്കി, ലെബനൻ, ജോർദാൻ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് അദ്ദേഹം ആഗ്രഹ സാഫല്യം നേടിയത്. സമാധാനത്തിനൊപ്പം സമത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുക എന്നതും യാത്രയുടെ ലക്ഷ്യമായിരുന്നു.
2021 ഓഗസ്റ്റ് 1 നാണ് ആദം നടത്തം തുടങ്ങിയത്. അറഫ സംഗമത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ അദ്ദേഹം സൗദിയിൽ എത്തി. ഒപ്പമുണ്ടായിരുന്ന ഉന്തുവണ്ടിയിലാണ് സ്വകാര്യ വസ്തുക്കളും മറ്റും കരുതിയിരുന്നത്. ദിവസം ശരാശരി പതിനേഴുകിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചിരുന്നത്. ഓരോപ്രദേശത്തും അവിടത്തെ ജനങ്ങളുടെ സ്നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് ആദം യാത്ര തുടർന്നത്. തന്റെ യാത്ര ആദം ടിക് ടോക്കിൽ സംപ്രേക്ഷണം ചെയ്യുകയും അര ദശലക്ഷം ഫോളോവേഴ്‌സിനെ നേടുകയും ചെയ്തിട്ടുണ്ട്. മിനയിൽ എത്തിയ ആദത്തിനെ ആക്ടിംഗ് മീഡിയ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽ ഖസബിയാണ് സ്വീകരിച്ചത്.
ഇത്തവണ വിശുദ്ധ അറഫ സംഗമത്തിന് സാക്ഷിയായത് ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകരാണ്. സൗദിയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള പത്ത് ലക്ഷം തീർത്ഥാടകരാണ് അറഫയിൽ ഒത്തുചേർന്നത്.കൊവിഡ് മഹാമാരി വന്നതിന് ശേഷം ആദ്യമായാണ് ഇത്രയും കൂടുതൽ തീർത്ഥാടകരുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ഹജ്ജിലെ സുപ്രധാന കർമ്മമായ അറഫ സംഗമം നടന്നത്.