
കൊല്ലം: ചുവരിൽ കഥകളിയടക്കമുള്ള ചിത്രങ്ങൾ, ഒപ്പം വേറിട്ട ചായംപൂശൽ... ഒറ്റനോട്ടത്തിൽ ആരും പറയില്ല, ഇതൊരു സർക്കാർ ഓഫീസാണെന്ന്. നൂറ്റാണ്ടിലേറെ പഴക്കമുണ്ട് കെട്ടിടത്തിനെന്ന് അറിയുമ്പോൾ കൗതുകം ഇരട്ടിയാവും.
കൊട്ടാരക്കരയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസാണ് ചിത്രകല അദ്ധ്യാപകരുടെ കലാവൈഭവത്തിൽ തിളങ്ങുന്നത്. കൊല്ലം- തിരുമംഗലം ദേശീയപാതയോരത്ത് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവർത്തിക്കുന്നത്. ഓടുമേഞ്ഞ പഴഞ്ചൻ കെട്ടിടത്തിൽ ഏറെക്കാലമായി ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടൊഴിഞ്ഞ ആശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. എന്നാൽ ഇപ്പോൾ മറ്റ് ഓഫീസുകളിലുള്ളവരും അസൂയയോടെയാണ് തങ്ങളുടെ ഓഫീസിലേക്ക് നോക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം.
മനസുവച്ചത് ചിത്രകലാ അദ്ധ്യാപകർ
ജില്ലയിലെ കലാ അദ്ധ്യാപകരുടെ കൂട്ടായ്മയായ സപര്യയിലെ അംഗങ്ങളായ ഹരികുമാർ, അജുലാൽ, നന്ദു, ധൻരാജ്, ഷീജാ ജോൺ, ജോഷ്വ എന്നിവരാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് നിറംപൂശിയത്. വാർലി ആർട്ട് വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങളാണ് അധികവും. കടലാസ് രഹിത ഓഫീസ് എന്ന ലക്ഷ്യത്തോടെ ഇ- ഓഫീസ് പദ്ധതിയുടെ ഭാഗമായി 35 ലക്ഷം ചെലവിട്ട് നവീകരണത്തിനൊരുങ്ങിയപ്പോഴാണ് ചിത്രകലാ
അദ്ധ്യാപകരുടെ സേവനത്തിന് വഴിയൊരുങ്ങിയത്. സേവനങ്ങൾ ഓൺലൈനാക്കാൻ 20 കമ്പ്യൂട്ടറുകളാണ് സ്ഥാപിച്ചത്.
'ഓഫീസ് കെട്ടിടത്തിന് നിറംകൊടുത്തതും ചിത്രമെഴുതിയതും അതിമനോഹരമായിട്ടാണ്. വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കാൻ 5.7 കോടി കൂടി അനുവദിച്ചിട്ടുണ്ട്'- മന്ത്രി കെ.എൻ.ബാലഗോപാൽ