
ന്യൂഡൽഹി: വായ്‌പ്പാതട്ടിപ്പുകേസിൽ പ്രതിയായ മദ്യവ്യാപാരി വിജയ് മല്യയ്ക്ക് കോടതിയലക്ഷ്യ കേസിൽ ജയിൽവാസവും പിഴയും വിധിച്ച് സുപ്രീം കോടതി. 2017ലെ കേസിൽ നാല് മാസത്തെ തടവും 2000 രൂപയുമാണ് കോടതി വിധിച്ചത്.
കോടതി ഉത്തരവ് ലംഘിച്ച് മക്കൾക്ക് 40 ദശലക്ഷം ഡോളർ കൈമാറിയെന്ന കേസിലാണ് വിധി. നാലാഴ്ചയ്ക്കകം പിഴ ഒടുക്കിയില്ലെങ്കിൽ അധികമായി രണ്ടുമാസം കൂടി ജയിൽവാസം അനുഭവിക്കേണ്ടി വരും. യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഓഫ്‌ഷോർ സ്ഥാപനമായ ഡിയാജിയോയിൽ നിന്ന് ലഭിച്ച 40 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ മല്യയോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മല്യ പണം മക്കളായ സിദ്ധാർത്ഥ് മല്യയ്ക്കും ലീന മല്യയ്ക്കും ടാനിയ മല്യയ്ക്കും വകമാറ്റിയെന്നാണ് ബാങ്കുകൾ ആരോപിക്കുന്നത്.
കിംഗ്‌ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്‌പാ തട്ടിപ്പുകേസിൽ ഇഡിയും സിബിഐയും മല്യയുടെ പിന്നാലെയാണ്. എസ്ബിഐ ഉൾപ്പടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ 2016 മാർച്ച് 2ന് രാജ്യസഭാഗം കൂടിയായിരുന്ന മല്യ രാജ്യം വിടുകയായിരുന്നു. ലണ്ടനിലേയ്ക്ക് കടന്ന മല്യയുടെ 14 കോടിയിലേറെ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിരുന്നു. ബ്രിട്ടനിൽ മൂന്നു വർഷത്തെ കോടതി നടപടികൾക്കു ശേഷം തുടർനടപടികൾക്കായി ഇന്ത്യയിലേക്കു നാടുകടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇപ്പോൾ ബ്രിട്ടനിൽ ജാമ്യത്തിൽ കഴിയുകയാണ് വിജയ് മല്യ.