jackfruit-recipe

നാടെങ്ങും ഇപ്പോൾ ചക്കകാലമാണ്. നാട്ടിൻപുറങ്ങളിൽ ചെന്നാൽ ചക്കപ്പഴത്തിന്റെ മാധൂര്യവും സുഗന്ധവുമാണെവിടെയും. സുലഭമായി ലഭിക്കുന്നതിനാൽ മിക്ക വീടുകളിലും ചക്ക വിഭവങ്ങളും പതിവായിരിക്കും. ചക്കപ്പുഴുക്കും, ചക്ക വേവിച്ചതും, ചക്ക വറ്റലും, ചക്ക പായസവുമൊക്ക മിക്കവരും കഴിച്ചുമടുത്തവയായിരിക്കും. എങ്കിൽ ചക്കകൊണ്ടുള്ള രണ്ട് വ്യത്യസ്തമായ ഐറ്റങ്ങൾ തയ്യാറാക്കിനോക്കിയാലോ?

1. ബീഫ് ചക്കക്കുരു കറി

ആവശ്യമായ ചേരുവകൾ

  1. കൊഴുപ്പുള്ള ബീഫ്- കഷ്ണങ്ങളാക്കിയത്, അര കിലോ
  2. പച്ചമുളക്- നീളത്തിൽ മുറിച്ചത്, മൂന്ന് എണ്ണം
  3. ഇഞ്ചി- ഒരു ചെറിയ കഷ്ണം, കനം കുറച്ച് നീളത്തിൽ അരിഞ്ഞത്
  4. ഉപ്പ്- ആവശ്യത്തിന്
  5. വെളിച്ചെണ്ണ- ഒരു വലിയ സ്പൂൺ
  6. തേങ്ങ ചുരണ്ടിയത്- ഒരു കപ്പ്
  7. വെളുത്തുള്ളി-മൂന്ന് അല്ലി
  8. കുരുമുളക്- ഒരു ചെറിയ സ്പൂൺ
  9. പെരുംജീരകം- ഒരു ചെറിയ സ്പൂൺ
  10. കറിവേപ്പില- അഞ്ചു തണ്ട്
  11. മുളകുപൊടി- ഒരു വലിയ സ്പൂൺ
  12. മഞ്ഞൾപ്പൊടി-കാൽ ചെറിയ സ്പൂൺ
  13. മല്ലിപ്പൊടി- ഒരു വലിയ സ്പൂൺ
  14. ഇറച്ചിമസാല- ഒരു ചെറിയ സ്പൂൺ
  15. ചക്കക്കുരു-വട്ടത്തിൽ മുറിച്ചത് ഒരു കപ്പ്
  16. വറ്റൽമുളക്- രണ്ടെണ്ണം

തയ്യാറാക്കേണ്ട വിധം

ഒന്ന്, രണ്ട്, മൂന്ന്, നാല് ചേരുവകൾ അൽപ്പം വെള്ളം ചേർത്ത് കുക്കറിൽ വേവിക്കണം. പാനിൽ വെളിച്ചെണ്ണ ചൂടാക്കി 6,7,8,9,10 ചേരുവകൾ ചെറുതീയിൽ വറുക്കണം. ബ്രൗൺ നിറമാകുമ്പോൾ 11, 12,13,14 ചേരുവകൾ ചേർത്ത് മൂപ്പിച്ചെടുക്കണം. തണുക്കുമ്പേൾ ഇത് അരച്ചുവയ്ക്കണം. വേവിച്ചു വച്ചിരിക്കുന്ന ബീഫിൽ ചക്കക്കുരു ചേർത്ത് വേവിച്ച് അരപ്പുചേർത്ത് തിളപ്പിക്കുക. ശേഷം വെളിച്ചെണ്ണ ചൂടാക്കി വറ്റൽമുളകും കറിവേപ്പിലയും ഇട്ട് കറിയിൽ ചേർക്കാം.

2. ചക്ക കട്ട്‌ലെറ്റ്

ആവശ്യമായ ചേരുവകൾ

  1. വെളിച്ചെണ്ണ- രണ്ട് വലിയ സ്പൂൺ
  2. സവാള ചെറുതായി അരിഞ്ഞത്- അരക്കപ്പ്
  3. ഇഞ്ചി- ചെറുതായി അരിഞ്ഞത്- ഒരു ചെറിയ സ്പൂൺ
  4. പച്ചമുളക്- നാലെണ്ണം ചെറുതായി അരിഞ്ഞത്
  5. കറിവേപ്പില- ആവശ്യത്തിന്
  6. ഉപ്പ്- ആവശ്യത്തിന്
  7. മുളകുപൊടി- അര ചെറിയ സ്പൂൺ
  8. മഞ്ഞൾപ്പൊടി- കാൽ ചെറിയ സ്പൂൺ
  9. കുരുമുളക്- കാൽ ചെറിയ സ്പൂൺ
  10. ഗരംമസാല-അര ചെറിയ സ്പൂൺ
  11. പച്ചച്ചക്ക ചെറുതായി അരിഞ്ഞത്
  12. ഉരുളക്കിഴങ്ങ്- ഒന്ന് ഇടത്തരം പുഴുങ്ങിയത്
  13. മുട്ട-ഒന്ന്
  14. റൊട്ടിപ്പൊടി- പാകത്തിന്
  15. എണ്ണ-പാകത്തിന്

തയ്യാറാക്കേണ്ട വിധം

ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി 2,3,4,5,6 ചേരുവകൾ ചേർത്ത് വഴറ്റുക. ഇതിലേയ്ക്ക് 7,8, 9,10 ചേരുവകൾ ചേർത്ത് വഴറ്റി മസാല മണം മാറുമ്പോൾ ചക്ക ചേർത്തിളക്കി അടച്ചുവച്ച് വേവിക്കണം. ഇതിലേയ്ക്ക് ഉരുളക്കിഴങ്ങ് ചേർത്ത് യോജിപ്പിക്കുക. ചൂടാറുമ്പോൾ ചെറിയ ഉരുളകളാക്കി കട്‌ലറ്റ് രൂപത്തിലാക്കണം. ഓരോ കട്‌ലറ്റും മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.