ചാരക്കേസിന്റെ വിചാരണ വേളയിൽ മറിയം റഷീദയും ഫൗസിയ ഹസനും തന്നോട് വന്ന് മാപ്പ് പറഞ്ഞതായി വെളിപ്പെടുത്തി നമ്പി നാരായണൻ. ആദ്യമൊക്കെ അവരോട് വെറുപ്പ് മാത്രമുണ്ടായിരുന്ന തനിക്ക് ആ ചിന്ത കേസിന്റെ ഒരു ഘട്ടത്തിൽ സഹതാപമായി മാറിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കൗമുദി ടിവിയ‌്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പദ്‌മഭൂഷൺ നമ്പി നാരായണൻ മനസ് തുറന്നത്.
നമ്പി നാരായണന്റെ വാക്കുകൾ-
'കേസ് നടക്കുന്ന സമയം ആഴ്‌ചയിൽ ഒരിക്കൽ വിയ്യൂർ ജയിലിൽ നിന്ന് എന്നെ കോടതിയിലേക്ക് കൊണ്ടുപോകും. സത്യം പറഞ്ഞാൽ എനിക്ക് ആദ്യമൊക്കെ അവരോട് വെറുപ്പായിരുന്നു. ഇവരാണല്ലോ കാരണക്കാർ എന്നതായിരുന്നു മനസിൽ. ഞാൻ ആരോടും ആ സമയത്ത് സംസാരിക്കാറില്ലായിരുന്നു. എന്റെ കൂടെയുള്ള ഒരു പൊലീസുകാരനോട് മാത്രം ചിലത് സംസാരിക്കും. മറിയം റഷീദയും ഫൗസിയ ഹസനും ഒരിക്കൽ എന്റെ അടുത്ത് വന്നു. എന്നോടവർ പറഞ്ഞു, സാറേ വെരി സോറി. ഞങ്ങൾക്ക് പറയേണ്ടി വന്നുപോയി. പക്ഷേ വെറുപ്പിന്റെ പുറത്ത് ഞാനങ്ങോട്ട് തിരിഞ്ഞു നോക്കിയതു പോലുമില്ല. അതാണ് ആദ്യമായിട്ട് അവർ സംസാരിച്ച രംഗം.

പിന്നീട് കേസിന്റെ പല നാളുകൾ പിന്നോട്ടു പോകവെ അവരെക്കുറിച്ചുള്ള വെറുപ്പൊക്കെ മാറി, സഹതാപമായി. പാവങ്ങൾ അവരെന്ത് ചെയ‌്തു. നമ്മളെ പോലെ അവരും പെട്ടു പോയതല്ലേ എന്നായിരുന്നു ചിന്ത'.