ദിവസങ്ങൾക്ക് മുമ്പാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കടുവ തിയേറ്ററുകളിലെത്തിയത്. ജിനു എബ്രഹാം തിരക്കഥയെഴുതിയ സിനിമയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പൃഥ്വിരാജുമായുള്ള ബന്ധത്തെക്കുറിച്ചും ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് കൗമുദി മൂവിസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് ജിനു.

kaduva-movie

'മാസ്റ്റേഴ്സ്' സിനിമയിൽ തുടങ്ങിയ സൗഹൃദമാണ്. ഞങ്ങളുടെ അഞ്ചാമത്തെ സിനിമ 'കാപ്പ' പതിനഞ്ചാം തീയതി തുടങ്ങുകയാണ്. ഞങ്ങൾ തമ്മിൽ ഇനിയും ഒന്നിച്ച് സിനിമയുണ്ടാകും കടുവയുടെ രണ്ടാം ഭാഗം വരും.'-ജിനു പറഞ്ഞു. കടുവ 2വിൽ സൂപ്പർസ്റ്റാറും പൃഥ്വിരാജിനൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

"കടുവ"യിലൂടെ ഗംഭീര തിരിച്ചുവരവാണ് ഷാജി കൈലാസ് നടത്തിയത്. ഇപ്പോഴിതാ സിനിമ തിരഞ്ഞെടുക്കുന്നതിന് മുമ്പ് പൃഥ്വിരാജ് തന്നോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഷാജി കൈലാസ് കൗമുദി മൂവിസിനോട് വെളിപ്പെടുത്തി. 'ഷാജി ചേട്ടാ എവിടെയുണ്ട്, ഒരു സബ്ജക്ട് ഞാൻ കേട്ടു. അത് ചേട്ടൻ കേൾക്കണം. ചേട്ടന് ഇഷ്ടപ്പെട്ടെങ്കിൽ നമ്മളിത് ചെയ്യുമെന്നാണ് പൃഥ്വിരാജ് എന്നോട് പറഞ്ഞത്.'-ഷാജി കൈലാസ് വ്യക്തമാക്കി.

സിനിമ റിലീസ് ചെയ്യുന്ന അന്ന് ടെൻഷൻ ഇല്ലായിരുന്നെന്ന് ഷാജി കൈലാസ് പറയുന്നു. 'തിയേറ്ററിൽ സൗണ്ട് കറക്ടാണോ, വിഷ്വൽ കറക്ടാണോ എന്ന് മാത്രമേ ഞാൻ ചോദിച്ചിട്ടുള്ളൂ. ഇത് രണ്ടും ഓക്കെയാണെങ്കിൽ പടം ഓക്കെയാണെന്ന് അർത്ഥം. ഞാൻ അങ്ങനെയാണ്. ആദ്യത്തെ പടം ചെയ്യുമ്പോഴും ഇങ്ങനെയായിരുന്നു. ഫിലിം ചെയ്തു എന്ന് പറഞ്ഞാൽ അത് കഴിഞ്ഞു. പിന്നെ നമ്മൾ അതിനെയോർത്ത് ടെൻഷനടിക്കുന്നതെന്തിനാണ്. അമിതമായി ആഹ്ലാദമോ സങ്കടമോ ആകരുത്.

എല്ലാ റിപ്പോർട്ടും കഴിഞ്ഞിട്ടാണ് രാജു വിളിക്കുന്നത്. രാജുവിന് ഓക്കെയാണോന്ന് ചോദിച്ചപ്പോൾ ചേട്ടാന്നൊരു വിളിയായിരുന്നു. ആ വിളിയിൽ എല്ലാമുണ്ടായിരുന്നു.'- ഷാജി കൈലാസ് പറഞ്ഞു.