
പൂക്കൾ എല്ലാവർക്കും ഇഷ്ടമാണ്. അലങ്കരിക്കാൻ വേണ്ടിയാണ് നമ്മൾ പൂക്കളെ കൂടുതലായും ഉപയോഗിക്കുന്നത്. എന്നാൽ നമ്മൾ അറിയാത്ത പല ഗുണങ്ങലും പൂക്കൾക്കുണ്ട്. ഭംഗി മാത്രമല്ല ഇവ തരുന്ന ആരോഗ്യഗുണങ്ങളും നിരവധിയാണ്. ചില പൂക്കൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമ്പോൾ ചിലത് ചർമരോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുന്നു. ആയുർവേദത്തിൽ പല മരുന്നുകളിലും പൂക്കൾ ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിന് പൂക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന പൂക്കൾ ഏതൊക്കെയെന്ന് നോക്കാം.

ചെമ്പരത്തി: ചർമത്തിനും മുടിക്കും ഒരുപോലെ ഗുണം ചെയ്യുന്ന പൂവാണ് ചെമ്പരത്തി. ചെമ്പരത്തി പൂവ് ഉപയോഗിച്ച് ഹെർബൽ ടീ ഉണ്ടാക്കാവുന്നതാണ്. ദിവസവും ഇത് കുടിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കുന്നതിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

റോസ്: റോസാപ്പൂവിന് നിരവധി ഗുണങ്ങളുണ്ട്. അതിനാൽ ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. നിങ്ങൾക്കുണ്ടാകുന്ന ഉത്‌കണ്ഠയും സമ്മർദവും ഒഴിവാക്കി ഉന്മേഷം നൽകാൻ റോസാപ്പൂവിന്റെ നേരിയ മണമുള്ള റോസ് ടീ നിങ്ങളെ സഹായിക്കുന്നു.

ലാവെൻഡർ: കേക്കുകളും മധുരപലഹാരങ്ങളും അലങ്കരിക്കാനായി ലാവെൻഡർ പുഷ്പങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ജാം ആക്കി അല്ലെങ്കിൽ ഉണക്കി ഹെർബൽ ടീ ആക്കി നിങ്ങൾക്ക് ദിവസേന ഉപയോഗിക്കാവുന്നതാണ്. കൂടാതെ ലാവെൻഡർ ഓയിൽ തലമുടിയ്ക്കായി ഉപയോഗിക്കുന്നത് ക്ഷീണം അകറ്റുന്നതിനും നല്ല ഉറക്കം നൽകുന്നതിനും സഹായിക്കുന്നു.

ഹണിസക്കിൾ: ഹണിസക്കിൾ പൂവിൽ നിന്ന് ചായയുണ്ടാക്കി കുടിക്കാവുന്നതാണ്. ചർമത്തിലുണ്ടാകുന്ന വീക്കം മാറ്റുന്നതിന് ഈ പൂവ് സഹായിക്കും. ഹണിസക്കിൾ സിറപ്പ് ഉണ്ടാക്കി വയ്ക്കുകയാണെങ്കിൽ മധുരപലഹാരങ്ങളോ കേക്കോ ഉണ്ടാക്കുമ്പോൾ ചേർക്കാവുന്നതാണ്.