
തിരുവനന്തപുരം: പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്ന മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ ആരോപണത്തെ തള്ളി ഫോട്ടോഗ്രാഫർ ബിദില്‍ രംഗത്തെത്തി. ഫോട്ടാേ ഒറിജിനൽ ആണെന്നും അതിൽ ഒരു കൃത്രിമവും നടന്നിട്ടില്ലെന്നുമാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ഫോണില്‍ എടുത്ത സെല്‍ഫിയാണിതെന്നും ഫോട്ടോയില്‍ എഡിറ്റ് വരുത്തിയിട്ടില്ലെന്നും ബിദില്‍ പറഞ്ഞു. ഫോട്ടോ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണും രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്നാണ് കേസിലെ സാക്ഷി കൂടിയായ ജിൻസൺ പറയുന്നത്. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ജിൻസന്റെ വെളിപ്പെടുത്തൽ. 'സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണ്. അത് കോടതിയുടെ പരിഗണനയിലുണ്ട്. കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിലിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ട്'.-ജിൻസൺ പറഞ്ഞു.
ഇന്നലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി രംഗത്തെത്തിയത്. കേസിൽ ദിലീപിനെതിരെ തെളിവില്ലാത്തതിനാലാണ് ഗൂഢാലോചന കേസ് ഉയർന്നുവന്നതെന്ന് പറഞ്ഞ ശ്രീലേഖ കേസിൽ പൊലീസ് ദിലീപിനെതിരെ വ്യാജതെളിവുണ്ടാക്കിയെന്നും ആരോപിച്ചു. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ച കത്ത് എഴുതിയത് സുനിയല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. പൊലീസ് അന്വേഷണം ശരിയായി നടക്കാത്തതിനാലാണ് സാക്ഷികൾ കൂറുമാറാൻ കാരണം. ജയിലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണ്. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാദ്ധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാദ്ധ്യമങ്ങളുടെ വലിയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ ആരോപിച്ചു.
പള്‍സര്‍ സുനി മറ്റു ചില നടിമാരെയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും ശ്രീലേഖ പറഞ്ഞു. തന്നോട് ചില നടിമാര്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇവരോട് പരാതിപ്പെടാതിരുന്നതിനെതിരെ താന്‍ ചൂടായെന്നും എന്നാല്‍ കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്ന് നടിമാര്‍ പറഞ്ഞതായും ശ്രീലേഖ വ്യക്തമാക്കി. വിശ്വാസ്യത പിടിച്ചുപറ്റി പള്‍സര്‍ സുനി തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ഇതുപോലെ ചിത്രങ്ങള്‍ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയില്‍ ചെയ്തതായി അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് ഇത് കേസ് ആക്കിയില്ല എന്ന് ചോദിച്ചപ്പോള്‍ അത് കരിയറിനെ ബാധിക്കുമോ എന്ന് കരുതിയും പൊലീസിന്റെ കൂടെ കേസുമായി പോകേണ്ട എന്നു കരുതിയും, ഇത് പുറത്തുവന്നാല്‍ ഏറ്റവും കൂടുതല്‍ മാനഹാനി തനിക്കാണെന്നുമുളളതു കൊണ്ടും കാശ് കൊടുത്ത് സെറ്റില്‍ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് ശ്രീലേഖ പറഞ്ഞത്.
ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ പലകോണുകളിൽ നിന്നും വ്യാപക വിമർശനമാണ് ഉയരുന്നത്.പ്രമുഖ വ്യക്തികൾ ഉൾപ്പടെ ശ്രീലേഖയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിനെത്തുടർന്ന് പ്രോസിക്യൂഷൻ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുകയാണ്. വിസ്‌താരം നടക്കുന്ന കേസിലെ പ്രതി നിരപരാധിയെന്ന് പറഞ്ഞതിനെ മുൻനിർത്തിയാകും നടപടി. ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലാണ്.