panneerselvam

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ (ഒപിഎസ്) പാർട്ടിയിൽ നിന്ന് പുറത്താക്കി പ്രതിപക്ഷകക്ഷിയായ അണ്ണാഡിഎംകെ. ചുമതലകളിൽ നിന്ന് നീക്കിയശേഷമാണ് പുറത്താക്കിയത്. ചെന്നൈ വാനഗരത്തിൽ ഇന്ന് ചേർന്ന പാർട്ടി ജനറൽ കൗൺസിൽ യോഗത്തിൽ എടപ്പാടി പളനിസ്വാമിയെ താത്കാലിക ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് പുതിയ നടപടി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഒപിഎസിനെയും മുതിർന്ന നേതാക്കളും ഒപിഎസ് അനുഭാവികളുമായ ജെ സി ഡി പ്രഭാകർ, ആർ വൈത്തിലിംഗം, പി എച്ച് മനോജ് പാണ്ഡ്യൻ എന്നിവരെയും പുറത്താക്കിയത്. പനീർസെൽവത്തെ പുറത്താക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നിരുന്നു. പിന്നാലെ പ്രത്യേക പ്രമേയം പാസാക്കിയാണ് നടപടി. പാർട്ടി അംഗത്വത്തിൽ നിന്നും ഒപിഎസിനെ നീക്കും. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പാർട്ടി ട്രഷറർ സ്ഥാനം ദിണ്ടിക്കൽ ശ്രീനിവാസന് കൈമാറി.

ജനറൽ കൗൺസിൽ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ട് പനീർശെൽവം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇന്ന് രാവിലെ 9.15ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന യോഗത്തിന് ഒൻപത് മണിയ്ക്കാണ് കോടതി അനുമതി നൽകിയത്.

ഒത്തുതീർപ്പിന്റെ ഭാഗമായി മുന്നോട്ടുവച്ച ഇരട്ടനേതൃത്വം എടപ്പാടി വിഭാഗം പരിഗണിച്ചില്ല. പാർട്ടി ഭരണഘടന ഭേദഗതി ചെയ്ത് ഇരട്ടനേതൃത്വം ഒഴിവാക്കി. നാല് മാസത്തിനുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാനും യോഗത്തിൽ തീരുമാനമായി. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. പാർട്ടിയിൽ പ്രാഥമിക അംഗത്വമെടുത്ത് കുറഞ്ഞത് പത്ത് വർഷമെങ്കിലും തികഞ്ഞവർക്കാണ് മത്സരിക്കാൻ യോഗ്യത.

അതേസമയം, എടപ്പാടി പളനിസ്വാമിയെ പുറത്താക്കിയതായി പനീർശെൽവവും പ്രഖ്യാപിച്ചു. ഒന്നരക്കോടി പാർട്ടി കേഡർമാർ ചേർന്ന് കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്ത തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഒപിഎസ് പറഞ്ഞു.

ഒപിഎസിന്റെ പുറത്താക്കലിന് പിന്നാലെ റോയൽപേട്ടിലെ പാർട്ടി ഓഫീസിന് മുന്നിൽ പളനിസ്വാമി- പനീർശെൽവം അനുകൂലികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അണ്ണാഡിഎംകെ ഓഫീസ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എഐഎഡിഎംകെ സംസ്ഥാന കമ്മിറ്റി ഓഫീസ് പൂട്ടി മുദ്രവയ്ക്കുകയും ചെയ്തു.