നിവിൻ പോളി നായകനായെത്തിയ 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലെ ഒരൊറ്റ ഗാനം കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അരിസ്റ്റോ സുരേഷ്. 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന ഗാനം മലയാളികൾ ഏറ്റെടുത്തതിന് ശേഷം നടനും ഗായകനുമായ ഈ കലാകാരന്റെ വളർച്ച പെട്ടെന്നായിരുന്നു.

തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് അരിസ്റ്റോ സുരേഷ്. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

aristo

'സ്‌കൂളിൽ പഠിക്കുമ്പോൾ സിനിമ കാണാനായി ക്ലാസ് കട്ട് ചെയ്‌ത് പോകുമായിരുന്നു. സിനിമയിലൂടെയാണ് ‌എന്നെ ആളുകൾ അറിഞ്ഞുതുടങ്ങിയത്. ആദ്യം സംവിധായകൻ ആകണമെന്നായിരുന്നു ആഗ്രഹം. സംവിധായകൻ ആകാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ. ഒരുപാട് പാട്ടുകൾ എഴുതിയിട്ടുണ്ട്. തിരക്കഥകളും എഴുതാറുണ്ട്. കൂട്ടുകാരോട് വായിച്ച് കേൾപ്പിക്കുമ്പോൾ അവർ കെെയടിച്ച് പ്രോത്സാഹിപ്പിക്കും. കൂട്ടുകാർക്ക് വേണ്ടി പ്രണയലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ട്. എനിക്കും പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. പെൺകുട്ടികൾക്ക് ഇങ്ങോട്ടും തോന്നണ്ടേ. പ്രണയം തോന്നേണ്ട കാലത്ത് മറ്റ് പലതിനോടുമായിരുന്നു താത്‌പര്യം. അടി, ഇടി , വെള്ളമടി ഒക്കെയായിരുന്നു ആ സമയത്ത്. സിനിമയിൽ വന്നതിന് ശേഷമാണ് ഇതിൽ കുറച്ച് മാറ്റമൊക്കെ ഉണ്ടായത്.

എനിക്കെപ്പോഴും ഫ്രീയായി നടക്കണം. ഉത്തരവാദിത്വം ഒന്നും ഏറ്റെടുക്കുന്നത് എനിക്ക് ഇഷ്‌ടമല്ല. എനിക്ക് അറിയാവുന്ന പല യുവതികളും ഭർത്താക്കന്മാരെ ഉപേക്ഷിച്ചിട്ട് മറ്റ് വിവാഹ ബന്ധങ്ങളിലേയ്ക്ക് പോയിട്ടുണ്ട്. അതിൽ ഭൂരിഭാഗം പേരും കുടുംബത്തിന് വേണ്ടി ജീവിച്ചവരാണ്. എന്നെപ്പോലുള്ളവരെ വിവാഹം കഴിച്ചാൽ അന്ന് രാത്രി തന്നെ ഡിവോഴ്‌സ് ആകുമെന്ന് ഉറപ്പാണ്. ആ ഭയമൊക്കെ എനിക്കുമുണ്ട്. കല്യാണത്തിനൊക്കെ ആരേലും വിളിച്ചാൽ ഇപ്പോൾ പോകാറില്ല. അവിടെയൊക്കെ എന്റെ കല്യാണക്കാര്യം ചോദിക്കും. ഇക്കാരണം കൊണ്ടാണ് കല്യാണത്തിനൊന്നും പോകാത്തത്. ആർക്കും എന്നോട് ദേഷ്യമൊന്നും തോന്നരുത്'- അരിസ്റ്റോ സുരേഷ് പറഞ്ഞു.

aristo-suresh