parenting

പാരന്റിംഗ് എന്നത് ഒരിക്കലും എളുപ്പപ്പണിയല്ല. ഒരു നല്ല മനുഷ്യനെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങളെപ്പോലെ തന്നെ കുടുംബത്തിനും വലിയ പ്രാധാന്യമുണ്ട്. കുട്ടികളെ എങ്ങനെ വളർത്തണം എന്നതിനെക്കുറിച്ച് മുതിർന്നവരൊക്കെ ഉപദേശം നൽകാറുണ്ട്. എന്താണ് കുട്ടികളോട് ചെയ്യാൻ പാടില്ലാത്തത് എന്ന് മനസിലാക്കേണ്ടതും പ്രധാനമാണ് .

മക്കളെ നല്ല മിടുക്കരാക്കി, ഉന്നത സ്ഥാനങ്ങളിലെത്തിച്ച ഒരുപാട് മാതാപിതാക്കൾ നമ്മുടെ ചുറ്റുമുണ്ട്. അവരിൽ മിക്കവരും ചെറുപ്പകാലത്ത് മക്കളോട് നോ പറയാത്ത ചില കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളുടെ ഹോബികളെ ഒരിക്കലും സമയം പാഴാക്കലായി കണക്കാക്കാതിരിക്കുക എന്നത്.

സ്‌പോർട്സ്, സംഗീതം, പക്ഷിനിരീക്ഷണം അങ്ങനെ കുട്ടികൾക്ക് പല ഹോബികളുമുണ്ടാകും. മക്കളെ ക്ലാസ് മുറിയിൽ മാത്രം ഒതുക്കി നിർത്തരുത്. അവരുടെ മറ്റ് കഴിവുകളെയും പ്രോത്സാഹിപ്പിക്കണം. മക്കളുടെ അഭിപ്രായങ്ങളും മാനിക്കുകയാണ് അടുത്ത കാര്യം.

കുട്ടികൾക്കായി നിരന്തരം നിങ്ങൾ തീരുമാനങ്ങൾ എടുക്കാതെ, അവരുടെ ഇഷ്ടങ്ങളും അഭിരുചികളും അറിയുക. നിങ്ങൾ മുതിർന്ന ആളാണ്, നിങ്ങളുടെ കുട്ടികളെ മറ്റാരെക്കാളും നന്നായി അറിയാം. നിങ്ങളുടെ തീരുമാനം ഭാവിയിൽ അവരെ കഷ്ടപ്പെടുത്തുന്നതാകരുത്. ഉദാഹരണത്തിന് മക്കളെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച്, അവരുടെ ഇഷ്ടം പോലും ചോദിക്കാതെ അതിനായി മക്കളെ അടിച്ച് പഠിപ്പിക്കുന്നവരുണ്ട്.

സാമ്പത്തിക സാക്ഷരതയും മക്കൾക്ക് നൽകണം. ഒരു വീട്ടിലെ വരവ്, ചെലവ് കണക്കുകൾ അവർ അറിഞ്ഞിരിക്കണം. കൂടാതെ മക്കളുടെ എല്ലാ വാശികളും അംഗീകരിച്ചുകൊടുക്കരുത്. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക.