
മഴക്കാലത്ത് മലിനജലം വഴിയായി നിരവധി രോഗങ്ങൾ പടർന്നുപിടിക്കാറുണ്ട്. എലിപ്പനിയും വയറിളക്ക രോഗങ്ങളുമാണ് ഇതിൽ പ്രധാനം. ശ്രദ്ധിച്ചില്ലെങ്കിൽ എലിപ്പനി മാരകമായി മാറാം. എലിപ്പനിക്ക് കാരണമാകുന്ന ലെപ്റ്റോസ്പൈറ എന്ന അണുബാധയുള്ള എലികളുടെ മൂത്രം കലർന്ന ജലമാണ് ഭീഷണി ഉയർത്തുന്നത്.
ജലവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന ശുചീകരണതൊഴിലാളികൾ, ഡ്രെയിനേജ് വൃത്തിയാക്കുന്നവർ, പാടത്ത് പണിയെടുക്കുന്നവർ എന്നീ വിഭാഗക്കാർ കൂടുതൽ ശ്രദ്ധിക്കണം. സ്ഥലത്ത് എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ തൊഴിലാളികൾക്കായി ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന പ്രതിരോധമരുന്ന് കഴിക്കുക. മലിനജലം കെട്ടിക്കിക്കുന്നത് ഒഴിവാക്കി രോഗത്തെ പ്രതിരോധിക്കാം.
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയും ഭക്ഷണസാധനങ്ങൾ നന്നായി പാകം ചെയ്ത് അടച്ചുസൂക്ഷിക്കുകയും ചെയ്യുക. വ്യക്തിശുചിത്വം പാലിക്കുക, ഭക്ഷണം പാകം ചെയ്യുന്നതിനും, കഴിക്കുന്നതിനുംമുൻപ് കൈകൾ നന്നായി കഴുകുക.