
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയെ വിമർശിച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്.
ഉന്നത സ്ഥാനത്തിരുന്ന ഒരാൾ വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ, വെളിപ്പെടുത്തുന്ന ആളുടെ പ്രവർത്തികൾ ധാർമ്മികമായിരിക്കണം എന്ന കുറിപ്പോടെയാണ് അദ്ദേഹം പ്രതികരിച്ചത്, ഇത്തരം കപട നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയണമെന്നും ഇതുകൊണ്ടൊന്നും കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പറ്റില്ലെന്നും അദ്ദേഹം കുറിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു വിമർശനം.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം....
ഉന്നത സ്ഥാനത്തിരുന്ന ഒരാൾ വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ... വെളിപ്പെടുത്തുന്ന ആളുടെ പ്രവർത്തികൾ ധാർമ്മീകമായിരിക്കണം .
അവരുടെ വാക്കുകൾക്ക് സത്യത്തിൻ്റെ സ്ഫുരണതയുണ്ടാകണം. നീതിബോധം അവരുടെ മുഖമുദ്രയുമായിരിക്കണം. അവരുടെ ഒരോ ഇടപെടുലുകളും പൊതു സമൂഹത്തിന് സ്വീകാര്യവും വിശ്വസനീയവുമായിരിക്കണം.
ധാർമ്മികത ജയിലിൽ പ്രതിക്കായ് സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. വേട്ടക്കാരന് വേണ്ടി മുതല കണ്ണീരൊഴുക്കി. പക്ഷേ , പൊതു സമൂഹത്തിന് മുന്നിൽ തകർന്ന ഹൃദയവുയുമായ് , നിരാലംബയായ് നിന്ന ആ സാധു പെൺകുട്ടിയെ ഒന്നാശ്വസിപ്പിക്കാൻ ഇവർക്ക് സമയം കിട്ടിയില്ല.
"എന്തിന് ജീവിക്കുന്നു പോയി ചത്തു കൂടെ " എന്നുള്ള സോഷ്യൽ മീഡിയ ആക്ഷേപങ്ങളാൽ നിരന്തരം ആക്രമിക്കപ്പെട്ടപ്പോഴും ,
15 ദിവസത്തെ വിചാരണയിൽ തിക്താനുഭവങ്ങൾ വിവരിച്ചപ്പോഴും , സ്ത്രീകളുടെ അന്തസ്സിന് വേണ്ടിയുള്ള പോരാട്ടമാണ് തൻ്റെതെന്നു പറയുമ്പോഴും ... അവളെ ഒന്നു കണാനോ , അവളെ ഒന്നു വിളിച്ച് സാന്ത്വനിപ്പിക്കുകയോ ചെയ്യാത്ത ആൾക്ക് എവിടെയാണ് ധാർമ്മികത...?
AMMA മാഡത്തിനു നല്കിയ സ്വീകരണത്തിലെങ്കിലും അവൾക്ക് വേണ്ടി രണ്ടു വാക്ക് പറയാമായിരുന്നു . നീതിബോധം തൻ്റെ മുൻപിൽ വന്ന നിസ്സഹയകയായ ഒരു വനിത ഉദ്യോഗസ്ഥ അവരെ മേലുദ്യോഗസ്ഥൻ നിരന്തരം പീഢിപ്പിക്കുന്ന വിവരം പറഞ്ഞ് രക്ഷിക്കണമെന്ന് കേണപേക്ഷിച്ചപ്പോൾ , പീഢനത്തിന് ഒരു ദിവസത്തെ അവധിവാങ്ങി കൊടുത്തു വീമ്പിളക്കിയില്ലേ മാഡം .
പൾസർ സുനി ഇതിന് മുൻപും പല നടിമാരേയും പീഢിപ്പിച്ച വിവരം, കാക്കിയിട്ടിരിക്കുമ്പോൾ താൻ അറിഞ്ഞു എന്ന് മാഡം തന്നെ പറഞ്ഞതല്ലേ...?
അന്ന് എവിടെ പോയി മാഡം താങ്കളുടെ നീതിബോധം...? സത്യസന്ധത
കേരള ചരിത്രത്തിൽ ആദ്യമായ് രണ്ട് വക്കീലൻമാർ അവരുടെ പ്രഫഷനെ പണയപ്പെടുത്തി തെളിവ് നശിപ്പിക്കലുമായ് ബന്ധപ്പെട്ട് ഒളിവിൽ പോവുക, അറസ്റ്റു വരിക്കുക ,ജയിലിൽ പോവുക... ഇതാർക്ക് വേണ്ടിയാണന്ന് മനസ്സിലാക്കാൻ വല്യ പോലീസ് ബുദ്ധിയൊന്നും വേണ്ട മാഡം .
പൾസർ ആദ്യം അഭയം പ്രാപിച്ച ലക്ഷ്യയെ പറ്റി ഒരു പക്ഷേ മാഡം കേട്ടു കാണില്ലായിരിക്കും.
ആക്രമണം നടത്തുമ്പോൾ " ഇതൊരു ക്വട്ടേഷനാണ് സഹകരിക്കണം ". എന്ന് പറഞ്ഞ പൾസറിൻ്റ വാക്കുകൾ മറന്നതോ മറച്ചുവെച്ചതോ.
" ദിലീപും പൾസർ സുനിയുമായിട്ടുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഞാൻ വെറുതെ പറഞ്ഞപ്പോൾ.. മറ്റൊരുദ്യോഗസ്ഥൻ അതേന്നു പറഞ്ഞു... "മാഡം തന്നെ പറയുന്നുണ്ടല്ലോ വെറുതെ പറഞ്ഞെന്ന് .
രാമൻപിള്ള സാറിനെ പോലെ സീനിയർ വക്കീലിൻ്റെ ബുദ്ധിയെ വെല്ലുവിളിക്കുന്ന വെളിപ്പെടുത്തൽ തന്നെ. ബുദ്ധിക്ക് ലുക്ക് ഒരു പ്രശ്നമല്ലല്ലോ.
മാഡം അറിയാതപോയ, അറിഞ്ഞില്ല എന്നു നടിക്കുന്ന സത്യസന്ധമായ ചില സംഭവങ്ങളുമില്ലേ... കുറ്റം ചെയ്യാത്ത ആൾ സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ച തെളിവുകൾ.
വിപിൻ ലാൽ - പ്രതീഷ് കുമാർ
Dr. ഹൈദ്രാലി - അനൂപ്
ജിൻസൺ - ജൂനിയർ വക്കീൽ
സാഗർ വിൻസൻ്റ് - (തട്ടിക്കൊണ്ടുപോയി ആലപ്പുഴ റയിബാൻ ഹോട്ടലിൽ താമസിപ്പിച്ചത് .. )
ഇതിനെ കുറിച്ചു എന്താ ഒന്നും പറയാനില്ലാത്തത് .
ഫോൺ രേഖകളിൽ നടത്തിയ അട്ടിമറികൾ.. വിട്ടുകളഞ്ഞോ. ധാർമ്മികതയും നീതിബോധവും സത്യസന്ധതയും, ഇവയുടെ മഹത്വം കൂടി മനസിലാക്കുക.
കേരളത്തിലെ ജനങ്ങളെ വിഢികളാക്കാൻ പറ്റില്ല മാഡം. കേരളത്തിൻ്റെ ആദ്യ വനിതാ DGP ആകാൻ കഴിയാതെ പോയ... "മോഹഭംഗ മനസ്സിലെ ശാപപങ്കില നടകളിൽ.... " . വെറെന്തു പറയാൻ. നമുക്ക് അവജ്ഞയോടെ തള്ളാൻ - ഇനിയും വരട്ടെ ഇത്തരം കപട നാടകങ്ങൾ ...